പനാജി: പൊതുമുതൽ നശിപ്പിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഗോവ പൊലീസ് സമൻസ് അയച്ചു. ഏപ്രിൽ 27 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ വർഷമാണ് പൊതുമുതൽ നശിപ്പിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. ആം ആദ്‌മി പാർട്ടി നേതാക്കൾ പൊതുസ്ഥലത്ത് ഡൽഹി മുഖ്യമന്ത്രിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് ഭംഗി നശിപ്പിച്ചു എന്നാണ് അരവിന്ദ് കെജ്‌രിവാളിനെതിരായ പ്രധാന ആരോപണം.
പെർനെം പൊലീസ് സ്‌റ്റേഷൻ ഇൻവെസ്‌റ്റിഗേഷൻ ഓഫിസർ ദിലീപ് കുമാർ ഹലാർങ്കറാണ് കെജ്‌രിവാളിന് സമന്‍സ് അയച്ചിരിക്കുന്നത്. കേസിൽ ചോദ്യം ചെയ്യാൻ മതിയായ കാരണങ്ങളുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രിയ്‌ക്ക് അയച്ച നോട്ടിസിൽ അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഐപിസി സെക്ഷൻ 188, 1988 ലെ ജിപിഡിപി ആക്‌ടിലെ സെക്ഷൻ മൂന്ന് എന്നിവ പ്രകാരമാണ് പെർനെം പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്.
കേസിനാസ്‌പദമായ സംഭവം: എഎപി പ്രവർത്തകരും നേതാക്കളും നഗരത്തിലെ പ്രധാന ലാൻഡ്‌മാർക്കുകളിലും ഫ്‌ളൈ ഓവറുകളിലും 'വൺ ചാൻസ് കെജ്‌രിവാൾ' എന്ന മുദ്രാവാക്യത്തോടെയുള്ള പോസ്‌റ്ററുകൾ പതിക്കുകയായിരുന്നു. ബിജെപിയും എഎപിയും തമ്മിലുള്ള രാഷ്‌ട്രീയ തർക്കം നിയമ പോരാട്ടങ്ങളിലേയ്‌ക്ക് നീങ്ങുന്നത് പതിവായിരിക്കുകയാണ്. ഡൽഹി മദ്യനയ കേസിൽ എൻഫോഴ്‌സ്മെന്‍റ് അറസ്‌റ്റിനെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്ന മനീഷ് സിസസോദിയയുടെ കേസ് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന് ഗോവ പൊലീസിന്‍റെ സമൻസ്.