പനാജി: ഗോവയില്‍ ആം ആദ്‌മി പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ അയോധ്യയിലേയ്ക്ക് സൗജന്യ തീര്‍ഥാടന യാത്ര വാഗ്‌ദാനം ചെയ്‌ത് ആം ആദ്‌മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയിലായിരുന്നു കെജ്‌രിവാളിന്‍റെ വാഗ്‌ദാനം.
അയോധ്യയ്ക്ക് പുറമേ വേളാങ്കണ്ണി, അജ്‌മേര്‍ ഷരീഫ്, ശിര്‍ദി ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കും ആം ആദ്‌മി പാര്‍ട്ടി സൗജന്യ യാത്ര വാഗ്‌ദാനം ചെയ്‌തു. തീര്‍ത്ഥ യാത്രായോജന എന്ന പേരിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
Also read: 'രാഷ്ട്രീയ ടൂറിസം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കും' ; രാഹുലിനെയും മമതയെയും പരിഹസിച്ച് ഗോവ മുഖ്യമന്ത്രി
ഗോവയിലെ ഭരണ കക്ഷിയായ ബിജെപിയേയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച കെജ്‌രിവാള്‍ ഇരുപാര്‍ട്ടികളും ഒത്തുകളിയ്ക്കുകയാണെന്ന് ആരോപിച്ചു. 'കോണ്‍ഗ്രസും ബിജെപിയും അഴിമതി നടത്തുന്നുണ്ട്. അതുകൊണ്ടാണ് ബിജെപിക്കെതിരെ സംസാരിയ്ക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലാത്തത്. അങ്ങനെ ചെയ്‌താല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം,' കെജ്‌രിവാള്‍ പറഞ്ഞു.
ബിജെപി കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനം ഭരിച്ചിട്ടും എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ മുന്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാത്തതെന്ന് കെജ്‌രിവാള്‍ ചോദിച്ചു. ഇരു പാര്‍ട്ടികളില്‍ ആര് ഭരണത്തിലേറിയാലും നടപടിയെടുക്കരുതെന്ന് ബിജെപിയ്ക്കും കോണ്‍ഗ്രസിനുമിടയില്‍ പരസ്‌പര ധാരണയുണ്ടെന്നും അതിനാല്‍ ഇരു പാര്‍ട്ടികളും ഒത്തുകളിയ്ക്കുകയാണെന്നും അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.