പനാജി : ഗോവ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, സംസ്ഥാനത്തെ പ്രബല പാര്‍ട്ടികളായ ബി.ജെ.പിയും കോണ്‍ഗ്രസും ആശങ്കയില്‍. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇരുപാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന് വിലയിരുത്തിയിരുന്നു. ഇക്കാരണത്താല്‍ ഇരുപാര്‍ട്ടികളുടെ ക്യാമ്പുകളിലും ആത്മവിശ്വാസം പ്രകടമല്ല.
എം.ജി.പിയുടെ നിലപാട് നിര്‍ണായകം
ഗോവയ്‌ക്ക് പുറമെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യാഴാഴ്‌ചയാണ് പുറത്തുവരുക. പ്രാദേശിക പാര്‍ട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) സ്വീകരിക്കുന്ന നിലപാട് ഇത്തവണ നിര്‍ണായകമാണ്. നിലവില്‍ ഒറ്റ എം.എല്‍.എ മാത്രമാണ് ഈ പാര്‍ട്ടിക്കുള്ളതെങ്കിലും നേരത്തെ സംസ്ഥാനം ഭരിച്ച, ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയാണ് എം.ജി.പി. എക്‌സിറ്റ് പോള്‍ ഫലംപോലെ കാര്യങ്ങള്‍ സംഭവിച്ചാല്‍ ഇരു പ്രധാനപാര്‍ട്ടികളും എം.ജി.പിയെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാം.
അതേസമയം, എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ക്കുപിന്നാലെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ ഒരുമിച്ച് റിസോര്‍ട്ടിലേക്ക് മാറ്റി. കേവല ഭൂരിപക്ഷം തികയാത്ത സാഹചര്യമുണ്ടായാല്‍ ഈ പ്രാദേശിക പാര്‍ട്ടിയെ സ്വാധീനിക്കാന്‍ ഇപ്പോഴേ ബി.ജെ.പിയും കോണ്‍ഗ്രസും തീവ്രശ്രമത്തിലാണ്. ഇതുസംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം ചൊവ്വാഴ്ച എം.ജി.പി നേതാവ് സുദിൻ ധവാലിക്കറെ വിളിച്ചിരുന്നു. ഒരു മണിക്കൂറോളമാണ് ഇരു നേതാക്കളും തമ്മില്‍ ചർച്ച നടത്തിയത്.