പനാജി :കൊവിഡ് സാഹചര്യം പരിഗണിച്ച് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ഗോവ സർക്കാർ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് എല്ലാ വശങ്ങളും പരിഗണിച്ച് ചൊവ്വാഴ്‌ചയോ ബുധനാഴ്‌ചയോ തീരുമാനം പ്രഖ്യാപിക്കും. ഗോവ ബോർഡ് ഓഫ് സെക്കൻഡറി, ഹയർ സെക്കൻഡറി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഈ രംഗത്തെ വിദഗ്‌ധർ തുടങ്ങിയവർ ഉൾപ്പെട്ട സമിതിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
2020-21 അധ്യയന വർഷത്തിൽ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാകും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം തീരുാനിക്കുക. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് അനുവദനീയമായ നിബന്ധനകളോടെ മറ്റ് പരീക്ഷകള്‍ക്ക് ഹാജരാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സയൻസ്, ഡിപ്ലോമ സ്ട്രീമുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഗോവ ബോർഡ് നടത്തുന്ന ഏകദിന പരീക്ഷയ്ക്ക് വിധേയരാകേണ്ടിവരും. ഈ പരീക്ഷയെക്കുറിച്ച് 15 ദിവസം മുന്‍പ് വിദ്യാർഥികളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.