പനാജി : നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസും ഗോവ ഫോർവേഡ് പാർട്ടിയും (ജിഎഫ്‌പി) സഖ്യം പ്രഖ്യാപിച്ചു. ആസന്നമായ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി ജിഎഫ്‌പിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി നേതാവ് ദിനേശ് ഗുണ്ടു റാവു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ ജിഎഫ്‌പി മേധാവി വിജയ് സർദേശായി ഡൽഹിയിൽ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. വർഗീയതയും അഴിമതി നിറഞ്ഞതുമായ ബിജെപി സർക്കാരിനെ പരാജയപ്പെടുത്താനും, മാറ്റം കൊണ്ടുവരാനും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി വിജയ് സർദേശായി രാഹുലിനെ അറിയിച്ചെന്നും ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.
അടുത്ത വർഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. അതേസമയം 2019 ജൂലൈ വരെ ബിജെപിയോടൊപ്പം ജിഎഫ്‌പി സംസ്ഥാനത്ത് അധികാരം പങ്കിട്ടിരുന്നു. പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന വിജയ് സർദേശായി ഉൾപ്പടെ മൂന്ന് എംഎൽഎമാരെ ക്യാബിനറ്റില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാറിനുള്ള പിന്തുണ ജിഎഫ്‌പി പിന്‍വലിച്ചത്.