മുംബൈ:കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍ അടുത്ത രണ്ട് ദിവസങ്ങളിലെ മുഴുവന്‍ സര്‍വീസുകളും താത്‌കാലികമായി നിര്‍ത്തി വയ്‌ക്കുമെന്ന് എയര്‍ലൈന്‍ മേധാവി കൗശിക് ഖോന അറിയിച്ചു. മെയ് 3,4 തിയ്യതികളിലെ സര്‍വീസുകളാണ് സസ്‌പെന്‍ഡ് ചെയ്യുക. ഇന്ധന കമ്പനികള്‍ക്ക് നല്‍കേണ്ട കുടിശിക തുക വര്‍ധിച്ചതും വിമാന നിര്‍മാണ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കമ്പനിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളുമാണ് സര്‍വീസുകള്‍ നിര്‍ത്തി വയ്‌ക്കാന്‍ കാരണം.
നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എയര്‍ലൈന്‍സിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ വാഡിയ ഗ്രൂപ്പ്. വിമാനത്തിന് എഞ്ചിനുകള്‍ നല്‍കുന്നത് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കമ്പനിയാണ്. വാഡിയ ഗ്രൂപ്പ് പണം നല്‍കാനുള്ളത് കൊണ്ട് തന്നെ എഞ്ചിനുകള്‍ വിതരണം ചെയ്യുന്നത് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി നിര്‍ത്തി വച്ചു. ഇതോടെ ഗോ ഫസ്റ്റിന്‍റെ പകുതിയില്‍ അധികം സര്‍വീസുകളും നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നു.
5000ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന എയര്‍ലൈന്‍സില്‍ 28 ഓളം സര്‍വീസുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നു. ഇത് എയര്‍ലൈന്‍സിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3,200 കോടി രൂപയാണ് പ്രമോട്ടര്‍മാര്‍ എയര്‍ലൈനിലേക്ക് നിക്ഷേപിച്ചത്.
ഇതോടെ എയര്‍ലൈനിലേക്ക് തുടക്കം മുതല്‍ നിക്ഷേപിക്കപ്പെട്ട തുക 6,500 കോടി രൂപയായെന്നും ഗോ ഫസ്റ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. ഗവൺമെന്‍റിന്‍റെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീമിൽ (ECLGS) നിന്ന് കാര്യമായ പിന്തുണ ലഭിച്ചതായി ഗോ ഫസ്റ്റ് പറഞ്ഞു. നിലവില്‍ എയര്‍ലൈന്‍ നേരിടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ചും അധികൃതര്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഡിജിസിഎ (ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍), ഏവിയേഷന്‍ റെഗുലേറ്റര്‍ എന്നിവയ്‌ക്ക് വിഷയവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ടും എയര്‍ലൈന്‍സ് സമര്‍പ്പിക്കും.