ന്യൂഡല്‍ഹി: ഗോ ഫസ്റ്റ് എയർലൈനിന്‍റെ കാർ ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ എ 320 നിയോ വിമാനത്തിനടിയിൽ പെട്ടു. ഇന്ന് (02.08.2022) രാവിലെ വിമാനത്താവളത്തിലെ ടി2 ടെർമിനലില്‍ നിന്ന് വിമാനം പട്‌നയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. ചെറിയ വ്യത്യാസത്തില്‍ കാര്‍ വിമാനത്തിന്‍റെ മുന്‍ ചക്രത്തില്‍ ഇടിക്കാതിരുന്നത് മൂലമാണ് വന്‍ അപകടം ഒഴിവായത്.
ഇന്‍ഡിഗോ വിമാനത്തിനടിയില്‍ കുടുങ്ങി ഗോ ഫസ്റ്റ് കാര്‍; ഒഴിവായത് വന്‍ ദുരന്തം - Go First airline
ഇന്‍ഡിഗോ വിമാനം ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം
അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ബ്രീത് അനലൈസര്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് തെളിയുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. വിഷയത്തില്‍ ഇന്‍ഡിഗോ എയര്‍ലൈനും, ഗോ ഫസ്‌റ്റ് എയര്‍ലൈനും കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറായിട്ടില്ല