വാഷിങ്ടൺ: അന്താരാഷ്‌ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്‌ധയും ഇന്ത്യൻ വംശജയുമായ ഗീത ഗോപിനാഥിന് ഐഎംഎഫിന്‍റെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്‌ടറായി സ്ഥാനക്കയറ്റം. അടുത്ത വർഷം വിരമിക്കുന്ന ജെഫ്രി ഒകാമോട്ടോയ്ക്ക് പകരമായാണ് ഗീത ഗോപിനാഥ് ഡെപ്യൂട്ടി മാനേജിങ് ഡയറക്‌ടർ സ്ഥാനം ഏറ്റെടുക്കുക. മൂന്ന് വർഷമാണ് ഗീത ഗോപിനാഥ് ഐഎംഎഫിന്‍റെ മുഖ്യ ഉപദേശകയായി സേവനമനുഷ്‌ഠിച്ചത്. 2022ഓടെ ഐഎംഎഫ് വിട്ട് ഹാർവാർഡ് സർവകലാശാലയിലേക്ക് മടങ്ങാനിരിക്കെയാണ് സ്ഥാനക്കയറ്റം.
ഐഎംഎഫിൽ തുടരാനും പുതിയ ഉത്തരവാദിത്തം സ്വീകരിക്കാനും ഗീത തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്‌ടർ ക്രിസ്റ്റലീന ജോർജീവ അറിയിച്ചു.
നാണയ നിധിയുടെ പ്രവർത്തനങ്ങളിൽ ഗീത ഗോപിനാഥിന്‍റെ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. പ്രത്യേകിച്ചും മഹാസാമ്പത്തികമാന്ദ്യത്തിന് ശേഷം ഉണ്ടായ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെ നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കെ ഗീതയുടെ ബുദ്ധിവൈഭവവും അന്താരാഷ്ട്ര ധനകാര്യമേഖലയെക്കുറിച്ചും സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവും ഐഎംഎഫിന്‍റെ പ്രവർത്തനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ജോർജീവ പറഞ്ഞു.