മാണ്ഡ്യ (കര്‍ണാടക): ജയിന്‍റ് വീലില്‍ തലമുടി കുരുങ്ങി 14കാരിയുടെ തലയോട്ടിയില്‍ നിന്ന് മുടി അറ്റുപോന്നു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ശനിയാഴ്‌ച രാത്രിയാണ് കറങ്ങുന്ന ജയിന്‍റ് വീലില്‍ ബന്ധിപ്പിച്ചിട്ടുള്ള ഇരുമ്പുദണ്ഡില്‍ തലമുടി കുരുങ്ങി ബെംഗളൂരു നിവാസിയായ ശ്രീവിദ്യയുടെ (14) മുടി തലയോട്ടിയില്‍ നിന്ന് അറ്റുപോന്നത്. അപകടം സംഭവിക്കുമ്പോള്‍ ജയിന്‍റ് വീലിന് സമീപം കളിക്കുകയായിരുന്നു പെണ്‍കുട്ടി.
കണ്ടിട്ടും കാണാതെ: സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധു പൂജ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ജയിന്‍റ് വീലില്‍ തലമുടി കുരുങ്ങിയതിനെ തുടര്‍ന്ന് ശ്രീവിദ്യ വേദന കൊണ്ട് അലമുറയിട്ടുവെന്നും തലയോട്ടിയില്‍ നിന്ന് തലമുടി അറ്റുവന്നിട്ടും സംഘാടകര്‍ മെഷീന്‍ നിര്‍ത്താന്‍ തയ്യാറായില്ലെന്നും അവര്‍ പരാതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സംഘാടകരുടെ വിശദീകരണം.
സമയോചിത ഇടപെടല്‍: അപകടസമയത്ത് മെഷീന്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രീവിദ്യയുടെ ബന്ധു പൂജ പരമാവധി ആവശ്യപ്പെട്ടു. എന്നാല്‍ സംഘാടകരുടെ അലംഭാവം തുടര്‍ന്നതോടെ ഇവര്‍ തന്നെ നേരിട്ട് ജനറേറ്റര്‍ ഓഫ് ചെയ്‌ത് ശ്രീവിദ്യയെ കൂടുതല്‍ അപകടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഇവര്‍ ശ്രീ രംഗപട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചുവെന്നും തുടര്‍ന്ന് മൈസൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ജയിന്‍റ് വീല്‍ ഉടമ രമേശ്, ശ്രീരംഗനാഥസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍, ചീഫ് മുനിസിപ്പല്‍ ഓഫിസര്‍ എന്നിവര്‍ക്കെതിരെ ശ്രീ രംഗപട്ടണം പൊലീസ് സ്‌റ്റേഷനില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 337 വകുപ്പിന്‍റെ ലംഘനമാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ജയിന്‍റ് വീല്‍ ഉടമയ്‌ക്ക് ഇത് പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്‌ധർ ഇല്ലായിരുന്നുവെന്നും മേള ഗ്രൗണ്ടിൽ ജയിന്‍റ് വീൽ സ്ഥാപിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.