അമൃത്‌സർ : ഇന്ത്യൻ പതാകയുടെ പ്രതീകാത്‌മക ചിത്രം മുഖത്ത് ചായം പൂശിയ പെൺകുട്ടിക്ക് സുവർണ ക്ഷേത്രത്തിൽ വിലക്ക്. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) ജീവനക്കാരനാണ് പെൺകുട്ടിക്ക് സുവർണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്. എസ്‌ജിപിസി ജീവനക്കാരനായ സേവദാറിനോട് ഇത് ഇന്ത്യൻ പതാകയാണെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ 'ഇത് പഞ്ചാബാണ്, ഇന്ത്യയല്ല' എന്ന മറുപടിയാണ് ലഭിച്ചത്.
സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ, ഒപ്പമുള്ള രണ്ട് പേർ 'സുവർണ ക്ഷേത്രം ഇന്ത്യയിൽ അല്ലേ. എന്തുകൊണ്ടാണ് ദേവാലയത്തിലേക്ക് പ്രവേശിപ്പിക്കാത്തത്?' എന്ന ചോദ്യം ഉന്നയിച്ചതോടെ പെൺകുട്ടിയുടെ മുഖത്ത് വരച്ച ഇന്ത്യൻ പതാക ജീവനക്കാരൻ ചൂണ്ടിക്കാണിക്കുന്നത് വ്യക്തമാണ്.
ത്രിവർണ പതാകയുടെ പേരിൽ ജീവനക്കാരന്‍ പെണ്‍കുട്ടിക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തതില്‍ എസ്‌ജിപിസി ജനറൽ സെക്രട്ടറി ഗുർചരൺ ഗ്രെവാൾക്ഷമാപണം നടത്തി. ഇത് സിഖ് ആരാധനാലയമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം ഓരോ മതസ്ഥലത്തിനും അതിന്‍റേതായ രീതികളുണ്ടെന്നും പറഞ്ഞു.
'ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. അവളുടെ മുഖത്തെ പതാകയിൽ അശോകചക്രം ഇല്ലാത്തത് കൊണ്ട് നമ്മുടെ ദേശീയ പതാക ആവുന്നില്ല. അതൊരു രാഷ്‌ട്രീയ പ്രതീകമായി കൊണ്ടുവന്നതാകാം' - ഗുർചരൺ ഗ്രെവാൾ പറഞ്ഞു. എന്നാൽ സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ സിഖുകാർ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഈ ആളുകൾക്ക് അറിയില്ലേ ?. ദേശീയ പതാകയ്ക്ക് വേണ്ടി 100ൽ 90 തലകളും ബലിയർപ്പിച്ചത് ആരാണെന്ന് ആരെങ്കിലും ട്വീറ്റ് ചെയ്യുമോ ?. സിഖുകാരെ മനഃപൂർവം അപകീർത്തിപ്പെടുത്തുകയാണ് ഇത്തരം ആളുകളുടെ ലക്ഷ്യം' - വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് ഗുർചരൺ ഗ്രെവാൾ പറഞ്ഞു.