കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പർഗാന ജില്ലയില്‍ ഒരു 22 വയസുകാരി പ്ലസ്‌ടു പരീക്ഷ പാസായി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പ്ലസ്‌ടു പരീക്ഷ പാസായതല്ല, മറിച്ച് നാല് മാസത്തിനിടെ മൂന്ന് തവണ മനുഷ്യക്കടത്ത് സംഘത്തിന്‍റെ കെണിയിലകപ്പെട്ട, ഇക്കാലയളവില്‍ പലവട്ടം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട, വര്‍ഷങ്ങളോളം അതിന്‍റെ മുറിവുകള്‍ ശരീരത്തിലും മനസിലും കൊണ്ടുനടന്ന ഒരാള്‍ അതിനെയെല്ലാം അതിജീവിച്ച് നടത്തിയ പോരാട്ടമാണ് ആ വിജയത്തിന് മാറ്റ് കൂട്ടുന്നത്.
നാല് മാസത്തിനിടെ അനുഭവിച്ച നരക യാതനകള്‍:ഏഴ് വര്‍ഷം മുന്‍പാണ് കേസിനാസ്‌പദമായ സംഭവം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട രാഹുല്‍ എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായി. ഒരു ദിവസം സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയ ആ പതിനഞ്ചുകാരി വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല. 2015 ജനുവരി ഏഴിന് കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്ക് സമീപമെത്തിയ പെണ്‍കുട്ടിയെ കാണാന്‍ രാഹുലെത്തി.
തുടര്‍ന്ന് ബിഹാറിലേക്ക് പോകാനായി പത്ത് കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ട് എന്ന സ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയെ ബസിലിരുത്തിയ ശേഷം തിരികെ വരാമെന്ന് ഉറപ്പ് നല്‍കി പോയ രാഹുല്‍ മടങ്ങിയെത്തിയില്ല. ഒന്നര ലക്ഷം രൂപയ്‌ക്ക് മനുഷ്യക്കടത്ത് സംഘത്തിന് പെണ്‍കുട്ടിയെ ഇയാള്‍ വിറ്റു.
പിന്നീട് രാഹുലിന്‍റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വന്ന് പെണ്‍കുട്ടിയെ ഹൗറ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും തുടര്‍ന്ന് ട്രെയിനില്‍ ബിഹാറില്‍ എത്തിക്കുകയും ചെയ്‌തു. ബിഹാറില്‍ വച്ച് പെണ്‍കുട്ടിയെ കമല്‍ എന്നയാള്‍ക്ക് ഇയാള്‍ വിറ്റു. കമല്‍ പെണ്‍കുട്ടിയെ യുപിയിലെ ബിജ്‌നോര്‍ എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചിത്ര എന്ന സ്‌ത്രീക്ക് വില്‍ക്കുകയും ചെയ്‌തു.
ഇവര്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ ഇവരുടെ 45കാരനായ സഹോദരനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു. ഒരു മാസത്തിന് ശേഷം ഇയാള്‍ വീട് വിട്ടുപോയി. ഇതിന് ശേഷം ചിത്രയുടെ മകന്‍ ലവ് എന്നയാള്‍ പെണ്‍കുട്ടിയെ പലവട്ടം ബലാത്സംഗം ചെയ്‌തു. ഇതിനിടെ ചിത്രയുടെ മൊബൈല്‍ കൈയ്യില്‍ കിട്ടിയ പെണ്‍കുട്ടി അമ്മയെ വിളിച്ച് എവിടെയാണെന്നത് സംബന്ധിച്ച് വിവരം നല്‍കി.