വഡോദര (ഗുജറാത്ത്):സമൂഹമാധ്യമങ്ങള്‍ വഴി ബന്ധം സ്ഥാപിച്ച ശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. വഡോദര ജില്ലയിലെ സ്ലാവി മേഖലയിലാണ് സംഭവം. രണ്ട് വര്‍ഷം മുമ്പാണ് പ്രതിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതായും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ഫൈസല്‍ സാക്കിര്‍ ദിവാന്‍ എന്ന പേരുള്ള പ്രതി തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് നിര്‍ബന്ധിച്ചിരുന്നതായും ഇയാള്‍ തനിക്കുനേരെ ജാതീയ അതിക്ഷേപങ്ങള്‍ നടത്തിയിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ അറിയിച്ചു. താനുമായി ലൈംഗികബന്ധം സ്ഥാപിച്ചതിനാല്‍ തന്നെ എവിടേക്കും പോകാന്‍ അനുവദിക്കില്ലെന്നും താനുമായുള്ള ബന്ധം തുടരുമെന്നും ഇയാള്‍ നിരന്തരം പറഞ്ഞിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. ബലാത്സംഗം എതിര്‍ത്തപ്പോള്‍ തന്‍റെ കൈവശമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിച്ചു. മാത്രമല്ല ബലാത്സംഗത്തിന് മുമ്പ് ഇയാള്‍ തന്നെ മര്‍ദിച്ചിരുന്നതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ബലാത്സംഗത്തിന് ഇരയായ വിവരം പുറത്തറിഞ്ഞാല്‍ സമൂഹത്തിലുണ്ടാകുന്ന കളങ്കം ഭയന്ന് ആദ്യനാളുകളില്‍ പെണ്‍കുട്ടി സഹിച്ചു. തുടര്‍ന്ന് പീഡനം കഠിനമായതോടെയാണ് സ്ലാവി പൊലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതിപ്പെടുന്നത്. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും ഇയാളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയെന്നും കേസ് അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി എസ്‌പി സിഎന്‍ ചൗധരി അറിയിച്ചു.