ഗജ്‌റൗള (ഉത്തർപ്രദേശ്): തെലങ്കാന സ്വദേശിയായ പെണ്‍കുട്ടിയെ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ പിടിയിൽ. ഗജ്‌റൗളയിലെ അംറോഹ സ്വദേശിയായ ഷഹ്‌സാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിസാമാബാദ് സ്വദേശിയായ ഉസ്‌മ അബ്‌ദുളിനെ നവംബർ 9നാണ് മച്‌ലി മാണ്ഡിയിലെ ഒരു സെക്യൂരിറ്റി കമ്പനിയുടെ ഓഫിസിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പൊലീസ് പറയുന്നതിങ്ങനെ :കൊല്ലപ്പെട്ട ഉസ്‌മ അബ്‌ദുളും പ്രതിയായ ഷഹ്‌സാദും ഫേസ്‌ബുക്കിലൂടെയാണ് പ്രണയത്തിലായത്. ഇതിനിടെ ഷഹ്‌സാദ് ആദ്യ കൂടിക്കാഴ്‌ചയ്ക്കായി ഉസ്‌മയെ ഗജ്‌റൗളയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ ഉസ്‌മ തന്നെ വിവാഹം കഴിക്കണമെന്ന് ഷഹ്‌സാദിനോട് ആവശ്യപ്പെടുകയും ഇയാള്‍ അത് എതിർക്കുകയും ചെയ്‌തു.
തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതി ഉസ്‌മയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇഷ്‌ടിക കൊണ്ട് അടിച്ച് പെണ്‍കുട്ടിയുടെ തല വികൃതമാക്കിയ ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. അടുത്ത ദിവസം ഓഫിസിലെത്തിയ ഉദ്യോഗസ്ഥർ പെണ്‍കുട്ടിയുടെ മൃതദേഹം കാണുകയും തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്താന്‍ തുടക്കത്തില്‍ പൊലീസിന് സാധിച്ചില്ല. സെക്യൂരിറ്റി കമ്പനിയിലെ ജോലിക്കാരെ ചോദ്യം ചെയ്‌തതിൽ നിന്ന് ഷഹ്‌സാദിലേയ്ക്ക് അന്വേഷണമെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഉസ്‌മയെ ഒഴിവാക്കാനായി താനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
നിലവിൽ ഷഹ്‌സാദിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നും അതിന് ശേഷം മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്നും എസ്‌പി ആദിത്യ ലാങ്ഹെ പറഞ്ഞു. സംഭവത്തെക്കുറിച്ച് തെലങ്കാന പൊലീസിനെ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.