ബാഗ്‌പത് : കുരങ്ങുകൾ ആക്രമിച്ചതിനെ തുടർന്ന് വീടിന്‍റെ മുകളിൽ നിന്ന് വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാഗ്‌പത് ജില്ലയിൽ ഞായറാഴ്‌ചയാണ് സംഭവം. ഛപ്രൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സിനൗലി ഗ്രാമത്തിൽ താമസിക്കുന്ന റിയയാണ് (13) മരിച്ചത്.
പെൺകുട്ടി ബാഗ്‌പതിലുള്ള ജോത്വാലിയിലെ മുത്തച്ഛന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്‌ച ടെറസിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെ ഒരു കൂട്ടം കുരങ്ങുകൾ കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുരുങ്ങുകളുടെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി ഭയന്നോടുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവം നടക്കുമ്പോൾ തങ്ങൾ ഉറങ്ങുകയായിരുന്നുവെന്നും ഉണർന്നതിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടതെന്നും പെൺകുട്ടിയുടെ അമ്മാവൻ ശേഖർ പറഞ്ഞു. പെൺകുട്ടിയുടെ ശരീരത്തിൽ കുരങ്ങുകൾ ആക്രമിച്ചതിന്‍റെ പാടുകളും ഉണ്ടായിരുന്നു. എന്‍റെ ഭാര്യയും കുരങ്ങുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കുരങ്ങുകളെ ഭയന്നാണ് ഞങ്ങൾ ഇവിടെ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർ പ്രദേശിൽ ഇതിന് മുൻപും കുരങ്ങുകളുടെ ആക്രമണത്തിൽ വീടിന് മുകളിൽ നിന്ന് വീണ് ഒരാൾ മരിച്ചിരുന്നു. ഉത്തർ പ്രദേശിലെ മഥുരയിലാണ് കുരങ്ങുകളുടെ ആക്രമണത്തിൽ വീടിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ബംഗാളി ഘട്ട് സ്വദേശിയായ ശിവ് ലാൽ ചതുർവേദി (54) മരിച്ചത്. ശിവ് ലാലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സമാന സംഭവം മധ്യപ്രദേശിലും : കുരങ്ങുകൾ ആക്രമിക്കാൻ ശ്രമിച്ച 70കാരൻ വീടിന്‍റെ ഒന്നാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവം മധ്യപ്രദേശിലും ഉണ്ടായിട്ടുണ്ട്. ഗുണ ഭജ്രംഗഢ് സ്വദേശി ബാബുലാൽ പ്രജാപതിയാണ് മരിച്ചത്. വീടിന്‍റെ ഒന്നാം നിലയിൽ നിന്ന ബാബുലാലിനെ ഒരു കൂട്ടം കുരങ്ങുകൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടുന്നതിനിടെ വീടിന് മുകളിൽ നിന്ന് തെന്നി വീഴുകയായിരുന്നു. 15 അടി ഉയരത്തിൽ നിന്ന് വീണ ബാബുലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read:കുരങ്ങന്മാരുടെ ആക്രമണം; മധ്യപ്രദേശിൽ വീടിന് മുകളിൽ നിന്ന് വീണ് 70കാരൻ മരിച്ചു, സമാന സംഭവം യുപിയിലും