പട്ന: പീഡനശ്രമം ചെറുത്ത 15കാരിയെ നാലംഗ സംഘം അടിച്ചു കൊന്നു. ബിഹാര്‍ വൈശാലി ജില്ലയിലെ കര്‍ത്തഹ മേഖലയില്‍ വ്യാഴാഴ്ച (ജൂണ്‍ 8) ആയിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:വിദ്യാര്‍ഥിയായ പെണ്‍കുട്ടി സുഹൃത്തിനൊപ്പം വ്യാഴാഴ്ച വൈകിട്ട് കോച്ചിങ് സെന്ററില്‍ നിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. കര്‍ത്തഹ തെഗാഡി സ്കൂളിന് സമീപത്തുവച്ച് ബൈക്കിലെത്തിയ നാല് യുവാക്കള്‍ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡന ശ്രമം ചെറുത്തതോടെ യുവാക്കള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചു.
പെണ്‍കുട്ടിയുടെ സുഹൃത്ത് വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞപ്പോള്‍ വീട്ടിലേക്ക് പോകാനായി ശ്രമിച്ചെങ്കിലും അല്പ ദൂരം നടന്ന പെണ്‍കുട്ടി കുഴഞ്ഞു വീണു. വിവരം അറിഞ്ഞ് വീട്ടുകാര്‍ സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.
വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടറും സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ആശുപത്രിയില്‍ എത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് കര്‍ത്തഹ പൊലീസ് സ്റ്റേഷൻ ഇൻചാർജ് പ്രവീൺ കുമാർ പറഞ്ഞു.