കേരളം

kerala

ETV Bharat / bharat

ആദ്യം കലാപക്കൊടി, ഒടുവില്‍ രാജി: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു - കോണ്‍ഗ്രസ് വാര്‍ത്തകള്‍

ഗുലാംനബി ആസാദ് കോൺഗ്രസില്‍ നിന്ന് രാജിവെച്ചു. അരനൂറ്റാണ്ട് കാലത്തെ ബന്ധം അവസാനിപ്പിക്കുന്നതായി സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ പരാമർശം. രാഹുല്‍ ഗാന്ധിക്ക് കടുത്ത വിമര്‍ശനം

Ghulam Nabi Azad resigns  ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു  ഗുലാം നബി ആസാദ്  congress politics  g23 leaders  കോണ്‍ഗ്രസ് വാര്‍ത്തകള്‍  ജി 23 നേതാക്കള്‍
ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു

By

Published : Aug 26, 2022, 11:53 AM IST

Updated : Aug 26, 2022, 2:22 PM IST

ന്യൂഡല്‍ഹി: ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി ഗുലാംനബി ആസാദ്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. കോണ്‍ഗ്രസില്‍ സ്ഥിരം അധ്യക്ഷൻ വേണമെന്നും തീരുമാനങ്ങള്‍ ജനാധിപത്യ രീതിയില്‍ വേണമെന്നും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളില്‍ പ്രധാനിയാണ്.

രാഹുലിന് രൂക്ഷ വിമർശനം: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ ആരോപണമാണ് രാജിക്കത്തില്‍ ഗുലാം നബി ആസാദ് ഉന്നയിക്കുന്നത്. ബാലിശവും അപക്വവുമാണ് രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റമെന്ന് വിശേഷിപ്പിച്ച ഗുലാം നബി ആസാദ് പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനം അവസാനിപ്പിച്ചതിന്‍റെ പ്രധാന ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും ആരോപിക്കുന്നു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ദയനീയ തോല്‍വിയുടെ പ്രധാന ഉത്തരവാദി രാഹുല്‍ ഗാന്ധിയാണ്. തിരിച്ചുവരവിന് കഴിയാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. റിമോട്ട് കണ്‍ട്രോള്‍ മോഡലാണ് കോണ്‍ഗ്രസില്‍ ഉള്ളത്. സോണിയ ഗാന്ധി ഒരു ഒരു പാവ മാത്രമാണ്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. ചിലപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉദ്യോഗസ്ഥരോ സഹായികളോ ആണെന്നും ഗുലാബ്‌ നബി ആരോപിച്ചു.

കോണ്‍ഗ്രസ് അതിന്‍റെ രാഷ്‌ട്രീയ ഇടം ബിജെപിക്കും പ്രാദേശിക കക്ഷികള്‍ക്കും അടിയറവെച്ചിരിക്കുകയാണ്. ഇതിന് പ്രധാന കാരണം ഗൗരവമില്ലാത്തയാളെ പാര്‍ട്ടിയുടെ തലപ്പത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി സ്ഥാപിക്കാന്‍ ശ്രമിച്ചതാണ്. രാഹുല്‍ ഗാന്ധിയെ 2013 ജനുവരിയില്‍ ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് മുതല്‍ പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനങ്ങള്‍ എല്ലാ തകര്‍ക്കപ്പെട്ടു. മുതിര്‍ന്നവരും അനുഭവ സമ്പത്തുമുള്ള നേതാക്കള്‍ അവഗണിക്കപ്പെട്ടു. സ്‌തുതിപാടകരും പരിചയക്കുറവുള്ളവരുമായ ഒരു സംഘം പാര്‍ട്ടിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടായി.

2014ലെ യുപിഎയുടെ തോല്‍വിക്ക് പ്രധാന കാരണം കാബിനറ്റ് പാസക്കിയ ഓര്‍ഡിനന്‍സ് കീറിയെറിയെണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതാണെന്ന് ഗുലാം നബി ആസാദ് ആരോപിക്കുന്നു. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള അയോഗ്യത വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഓര്‍ഡിനന്‍സ്. രാഹുല്‍ ഗാന്ധിയുടെ ബലിശമായ നടപടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റ അധികാരം ഇടിച്ച് താഴ്‌ത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

വിശ്വസ്‌തനില്‍ നിന്ന് വിമര്‍ശകനിലേക്ക്: 1970കളിലാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ ചേരുന്നത്. ആ സമയത്ത് കോണ്‍ഗ്രസില്‍ ചേരുന്നത് ജമ്മു കശ്‌മീരില്‍ സാമൂഹ്യമായി അംഗീകാരം ലഭിക്കാത്ത കാര്യമായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ വിശദമാക്കുന്നു. സംഘടന തലത്തില്‍ സമഗ്ര പരിഷ്‌കരണവും കൂട്ടായ നേതൃത്വവും ആവശ്യപ്പെട്ടാണ് ഗുലാം നബി ആസാദ് ഉള്‍പ്പെട്ട ജി-23 നേതാക്കള്‍ 2020ല്‍ സോണിയ ഗാന്ധിക്ക് കത്തയക്കുന്നത്.

ആ കത്തിന് ശേഷം തന്നെ പല കോണ്‍ഗ്രസ് നേതാക്കളും പരസ്യമായി അവഹേളിച്ചെന്ന് ഗുലാം നബി പറഞ്ഞു. പ്രതീകാത്മകമായി തന്‍റെ ശവസംസ്‌കാരം ജമ്മു കശ്‌മീരില്‍ നടത്തി. ഈ പ്രതിഷേധത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാരെയെങ്കിലും ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്താല്‍ ആ വ്യക്തി നൂല്‍പ്പാവ മാത്രമായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്നു ഗുലാം നബി ആസാദ്. 1975-76 ല്‍ സഞ്ജയ് ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ജമ്മു കശ്‌മീര്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം ഗുലാം നബി ആസാദ് ഏറ്റെടുത്തു. ജമ്മു കശ്‌മീര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദത്തിന് ശേഷം 1973-75 വരെ കോണ്‍ഗ്രസിന്‍റെ ജമ്മു കശ്‌മീരിലെ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായിരുന്നു.

1977ല്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറിയായി. ഇന്ദിരാഗാന്ധിയെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ജമാമസ്‌ജിദില്‍ നിന്ന് ആരംഭിച്ച് പാര്‍ലമെന്‍റിലേക്ക് നടന്ന റാലിക്ക് നേതൃത്വം കൊടുത്തതിന് 1978 ഡിസംബര്‍ മുതല്‍ 1979 ജനുവരെ വരെ തീഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട് ഗുലാം നബി ആസാദ്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് എന്നിവര്‍ നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിട്ടുണ്ട്. 1980കള്‍ മുതല്‍ അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

Last Updated : Aug 26, 2022, 2:22 PM IST

ABOUT THE AUTHOR

...view details