സംഘടനാപ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഭാവി രാഷ്‌ട്രീയ നീക്കങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യംവച്ചാണ് മെയ് മാസം ഉദയ്‌പൂരില്‍, കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ചേര്‍ന്നത്. രാജസ്ഥാനില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്‍റെ ദേശീയ സംഘടനായോഗം നടന്ന് മൂന്നുമാസം പിന്നിടുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാവുന്ന കാഴ്‌ചയാണ് ഇപ്പോള്‍ രാജ്യം കാണുന്നത്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഈ പദവിയില്‍ നിന്നും മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഘട്ടത്തില്‍ ഈ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനോ പകരം ആളെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇങ്ങനെ നിരവധി പ്രതിസന്ധികളില്‍ മുങ്ങിയ കോണ്‍ഗ്രസിന് ഇരട്ടപ്രഹരമായിരിക്കുകയാണ് പാര്‍ട്ടിയില്‍ നിന്നും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പടിയിറങ്ങിയത്.
രാജി, രാഹുലിനെ സമ്മര്‍ദത്തിലാക്കി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ ആരോപണമുയര്‍ത്തിയാണ് യുപിഎ സര്‍ക്കാരില്‍ മുന്‍ കേന്ദ്രമന്ത്രി പദവിയും കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബിയുടെ രാജി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്‌റ്റംബര്‍ ഏഴിനാണ് ആരംഭിക്കുക. ഈ ഘട്ടത്തില്‍ കൂടിയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും 'വലിച്ചെറിഞ്ഞ്' രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആസാദിന്‍റെ ഇറങ്ങിപ്പോക്ക്.
''ബാലിശവും അപക്വവുമാണ് രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനം അവസാനിപ്പിച്ചതിന്‍റെ പ്രധാന ഉത്തരവാദി രാഹുലാണ്. അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥരും പിഎമാരുമാണ് തീരുമാനങ്ങളെടുക്കുന്നത്. എട്ട് വർഷത്തിനിടെയാണ് പാർട്ടിയുടെ നില ഇത്രയും വഷളായത്. പാർട്ടി തലപ്പത്തേക്ക് കാര്യങ്ങളെ ഗൗരവമായി കാണാത്ത ഒരാളെ തിരുകി കയറ്റിയതാണ് ഇങ്ങനെ സംഭവിക്കുന്നതിന് ഇടയാക്കിയത്.'' എന്നതടക്കം, ഗുരുതര ആരോപണങ്ങള്‍ സോണിയയ്‌ക്ക് അയച്ച കത്തില്‍ ഗുലാം നബി ചൂണ്ടിക്കാട്ടുകയുണ്ടായി.
ALSO READ|ആദ്യം കലാപക്കൊടി, ഒടുവില്‍ രാജി: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു
''2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം, രാഹുൽ നേതൃസ്ഥാനത്തുനിന്നും പടിയിറങ്ങി. ഇതിനുപിന്നാലെ കാര്യങ്ങൾ കൂടുതൽ തകിടംമറിയുകയുണ്ടായി. പാർട്ടിക്കായി ജീവൻ നൽകിയ മുതിർന്ന നേതാക്കള്‍ അവഹേളിക്കപ്പെട്ടു''. വിശദമായി സോണിയക്കെഴുതിയ അഞ്ച് പേജുള്ള രാജിക്കത്തില്‍ ഗുലാം നബി വ്യക്തമാക്കുന്നു.
'അത് പ്രഹസനവും വ്യാജവും':കോൺഗ്രസുമായുള്ള ആത്മബന്ധവും ഇന്ദിര ഗാന്ധിയുമായുള്ള അടുപ്പവും ആസാദ് കത്തിൽ എടുത്തുപറയുകയുണ്ടായി. തിരിച്ചുപോകാനാകാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കോൺഗ്രസുള്ളത്. സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയ പ്രഹസനവും വ്യാജവുമാണ്. രാജ്യത്ത് ഒരിടത്തും ഇക്കാര്യം കൃത്യമായി നടപ്പിലാക്കുന്നില്ല. ഒൻപത് വർഷമായി നൽകിയ നിർദേശങ്ങള്‍ ചവറ്റുകുട്ടയിലാണുള്ളതെന്നും അദ്ദേഹം കത്തിലൂടെ ആരോപിച്ചത് കോണ്‍ഗ്രസിന്‍റെ ദുര്‍ബലമായ സംഘടന സംവിധാനത്തെയാണ് തുറന്നുകാട്ടിയതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഓഗസ്റ്റ് 17 ന്, കോണ്‍ഗ്രസിന്‍റെ കശ്‌മീര്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് തൊട്ടുപിന്നാലെ ഈ സ്ഥാനത്തുനിന്നുമുള്ള ഗുലാം നബിയുടെ രാജി വലിയ ചര്‍ച്ചയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ രാഷ്‌ട്രീയ കാര്യ സമിതിയില്‍ നിന്നും ആ ഘട്ടത്തില്‍ ആസാദ് പുറത്തുപോവുകയുമുണ്ടായി. മുതിര്‍ന്ന ദേശീയ നോതാവുകൂടിയായ അദ്ദേഹത്തെ കശ്‌മീരിലെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തിരുത്തിയത് പാര്‍ട്ടി തന്നെ ഒതുക്കുന്നതായാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് വിടുന്ന തരത്തിലേക്ക് അദ്ദേഹത്തെ ചിന്തിപ്പിച്ചതെന്ന് അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
'മോദി ഭക്തന്‍' കാവിയിലേക്കോ..?:കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുൻ അംഗവും വിമത ജി 23 സംഘത്തിലെ പ്രധാനിയുമായിരുന്ന ഗുലാം നബി ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു. 2021 ഫെബ്രുവരിയിലുണ്ടായ ഈ 'പൊക്കിയടി' ആസാദിന് 'മോദി ഭക്തന്‍' എന്ന പേര് ലഭിക്കാന്‍ ഇടയാക്കിയിരുന്നു. കടന്നുവന്ന വഴികള്‍ മറക്കാത്ത വ്യക്തിയാണ് മോദി. ഗ്രാമത്തില്‍നിന്ന് വളര്‍ന്നുവന്ന അദ്ദേഹം, ചായ വിറ്റ് നടന്ന കാലം മറച്ചുവച്ചില്ല. രാഷ്‌ട്രീയ എതിരാളിയാണെങ്കിലും ഇക്കാര്യത്തില്‍ മോദിയെ അഭിനന്ദിക്കുന്നുവെന്നും ജമ്മുവില്‍ നടന്ന പരിപാടിയില്‍ ആസാദ് പറഞ്ഞിരുന്നു.
ഇങ്ങനെയൊരു രാഷ്‌ട്രീയ പശ്ചാത്തലം കൂടി അദ്ദേഹത്തിനുള്ളതിനാല്‍ ബിജെപിയിലേക്ക് ചേക്കേറാനാണോ അദ്ദേഹം കോണ്‍ഗ്രസ് വിട്ടതെന്ന വാദം പലകോണുകളില്‍ നിന്നായി ഉയര്‍ന്നുകേട്ടിരുന്നു.എന്നാല്‍, പലരുടെയും ഈ ആശങ്കയെ തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന വിവരം. ആസാദ് ബിജെപിയിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരില്ലെന്നും മറിച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്നും ആസാദുമായി അടുത്ത ബന്ധമുള്ളയാള്‍ ഇടിവി ഭാരത്പ്രതിനിധിയോട് പറയുകയുണ്ടായി.
‘മോദി-ഫൈ’ഡ് ആസാദ്:ഗുലാം നബി ആസാദിന്‍റെ രാജിയിൽ കോണ്‍ഗ്രസിന്‍റെ പ്രതികരണം പുറത്തുവന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ നല്‍കിയ രാജിയും സോണിയയ്‌ക്ക് അയച്ച കത്തിലെ ഉള്ളടക്കവുമാണ് കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്‌ത് രംഗത്തെത്തിയത്. മോദി സർക്കാരിന്‍റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ആസാദിന്‍റെ രാജിയെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞു. ആസാദ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തുവെന്നും അദ്ദേഹത്തിന്‍റെ ഡിഎന്‍എ ‘മോദി-ഫൈ’ (മോദി അനുകൂല നയത്തെ വിശേഷിപ്പിക്കുന്നത്) ചെയ്യപ്പെട്ടുവെന്നും ജയറാം രമേശ് ആരോപിക്കുകയുണ്ടായി.
ഇത്തരത്തില്‍ നിരവധി നേതാക്കള്‍ വിമര്‍ശനവുമായി അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതേസമയം, കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി ആസാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജമ്മു കശ്‌മീരിലെ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്കുകളുണ്ടാവുകയാണ്. അഞ്ച് കോൺഗ്രസ് നേതാക്കളും മുൻ എംഎൽഎമാരും ഓഗസ്റ്റ് 26 ലെ ആസാദിന്‍റെ രാജിക്കുപിന്നാലെ പാര്‍ട്ടിവിട്ടു. ഗുലാം മുഹമ്മദ് സറൂരി, ഹാജി അബ്‌ദുള്‍ റഷീദ്, മുഹമ്മദ് അമീൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി അക്രം മുഹമ്മദ്, സൽമാൻ നിസാമി എന്നിവരാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിഞ്ഞത്. ആസാദ് പുതുതായി രൂപീകരിക്കാനിരിക്കുന്ന പാര്‍ട്ടിയ്‌ക്ക് വലിയ പിന്തുണ ലഭിച്ചേക്കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
വേണ്ടത് 'കോണ്‍ഗ്രസ് ജോഡോ യാത്ര' ?:''ഭാരത് ജോഡോ യാത്ര ഒരു 'തപസ്യ' പോലെയാണ്. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള നീണ്ട പോരാട്ടത്തിന് ഞാന്‍ തയ്യാറാണ്.'' വരാനിരിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് ഇങ്ങനെയായിരുന്നു. 2024 ല്‍ നടത്താനിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക, കോണ്‍ഗ്രസിന് ഉണര്‍വേകുക, രാജ്യത്തെ ഒന്നിപ്പിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രക്ക് സെപ്‌റ്റംബര്‍ ഏഴിന് തുടക്കമാവുക. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തുടങ്ങി 3,571 കിലോമീറ്ററുകള്‍ താണ്ടി കശ്‌മീരില്‍ അവസാനിക്കുന്നതാണ് ഈ പര്യടനം.
ALSO READ|രാഹുൽ ബിജെപിക്കെതിരായ പ്രതിപക്ഷ ശബ്‌ദം ; ഗുലാം നബി ആസാദിന്‍റെ രാജിയിൽ പ്രതികരണവുമായി കോണ്‍ഗ്രസ്
ഏകദേശം 150 ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 203 നിയമസഭ മണ്ഡലങ്ങളും 68 ലോക്‌സഭ മണ്ഡലങ്ങളും യാത്രയില്‍ പിന്നിടുമെന്നാണ് പാര്‍ട്ടി നല്‍കുന്ന വിവരം. രാജ്യത്തെ ഒന്നിപ്പിക്കാന്‍ നടത്തുന്ന യാത്രയ്‌ക്ക് പകരം, കോണ്‍ഗ്രസിനെ 'ഒന്നിപ്പിക്കാനുള്ള' യാത്രയായിരുന്നു വേണ്ടതെന്ന നിരീക്ഷണമാണ് ആസാദിന്‍റെ രാജിക്കിടെ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. പാര്‍ട്ടിയെ ശരിയായ ദിശയിലേക്ക് മാറ്റാന്‍ തെറ്റുചൂണ്ടിക്കാണിക്കുമ്പോള്‍ ഒറ്റപ്പെടുത്തുന്നുവെന്ന ആസാദിന്‍റെ വിമര്‍ശനം പൊതുസമൂഹത്തില്‍ തെല്ലെന്നുമല്ല കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുക.
ശക്തിപ്പെടുത്തണം, 'തടയിടല്‍':സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ജനാധിപത്യമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് പലപ്പോഴും കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴാണ് മുതിര്‍ന്ന നേതാവിന്‍റെ ഇത്തരത്തിലൊരു ആരോപണം. പുറമെ, നേതാക്കളുടെ തുടരെയുള്ള കൊഴിഞ്ഞുപോക്ക് പൊതുസമൂഹത്തിലും കോണ്‍ഗ്രസിലും തെറ്റായ സന്ദേശം നല്‍കുന്നതാണ്. ഇക്കാരണത്താലാണ് കോണ്‍ഗ്രസിന്‍റെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന് ആ പാര്‍ട്ടി ആദ്യം ശ്രമിക്കേണ്ടതുണ്ടെന്ന ആവശ്യമുയരുന്നത്.