ശ്രീനഗർ: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആം ആദ്‌മി പാർട്ടി ഡൽഹിയുടെ പാർട്ടി മാത്രമാണെന്നും അവർക്ക് ഗുജറാത്തിലും ഹിമാചലിലും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഗുലാം നബി ആസാദ് വ്യക്‌തമാക്കി.
ആം ആദ്‌മി പാർട്ടി ഡൽഹിയിലെ പാർട്ടി മാത്രമാണ്. അവർക്ക് പഞ്ചാബിൽ കാര്യക്ഷമമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. പഞ്ചാബിൽ ആം ആദ്‌മി പരാജയപ്പെട്ടിരിക്കുകയാണ്. പഞ്ചാബിലെ ജനങ്ങൾ ഇനി അവരെ വിജയിപ്പിക്കില്ല. അതിനാൽ ഗുജറാത്തിലും ഹിമാചലിലും ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. കൂടാതെ ഹിന്ദു, മുസ്ലീം കർഷകർ കോണ്‍ഗ്രസിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബന്ധം ഉപേക്ഷിച്ചെങ്കിലും കോണ്‍ഗ്രസിന് എതിരല്ലെന്നും ആസാദ് വ്യക്തമാക്കി. ഞാൻ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞെങ്കിലും അവരുടെ മതേതരത്വ നയത്തിന് എതിരല്ലായിരുന്നു. എന്നാൽ ദുർബലമായ പാർട്ടി സംവിധാനത്തിന് ഞാൻ എതിരായിരുന്നു. ഗുജറാത്തിലും ഹിമാചലിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്‌ചവയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഗുലാം നബി ആസാദ് പറഞ്ഞു.
കലാപം, ഒടുവിൽ രാജി: കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന ഗുലാം നബി ആസാദ് ഓഗസ്റ്റ് 26നാണ് 52 വർഷത്തെ ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിൽ നിന്ന് രാജിവച്ചത്. മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്. തുടർന്ന് അദ്ദേഹം 'ഡെമോക്രാറ്റിക് ആസാദ് പാർട്ടി' എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നൽകിയിരുന്നു.
ബാലിശവും അപക്വവുമാണ് രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റമെന്ന് വിശേഷിപ്പിച്ച ഗുലാം നബി ആസാദ് പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനം അവസാനിപ്പിച്ചതിന്‍റെ പ്രധാന ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും ആരോപിച്ചിരുന്നു. സോണിയ ഗാന്ധി ഒരു ഒരു പാവ മാത്രമാണെന്നും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നും ആസാദ് ആരോപിച്ചിരുന്നു.
ത്രികോണപ്പോരിന് ഗുജറാത്ത്: ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഗുജറാത്തിൽ തുടർച്ചയായി ആറ് നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ബിജെപി ഇത്തവണയും അത് ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ്. അതേസമയം പ്രചാരണത്തിന് കൂടുതൽ സമയം ലഭിക്കുന്നതിനായി നേരത്തെ തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
എന്നാൽ മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ ആം ആദ്‌മി പാർട്ടിയും ഇത്തവണ ശക്‌തമായി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. അതിനാൽ തന്നെ ശക്‌തമായൊരു ത്രികോണ മത്സരത്തിനാകും ഗുജറാത്ത് ഇത്തവണ സാക്ഷ്യം വഹിക്കുക.
പോരാട്ടത്തിനൊരുങ്ങി ഹിമാചലും:ഹിമാചൽ പ്രദേശിൽ നവംബർ 12നാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കുക, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, ഒരു ലക്ഷം തൊഴിലവസരങ്ങൾ, 18 നും 60 നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1,500 രൂപ എന്നിവയായിരുന്നു പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ.