ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനും സംവിധായകൻ രാജ്‌കുമാർ ഹിറാനിയും (Shah Rukh Khan Rajkumar Hirani combo) തമ്മിലുള്ള കൂട്ടുകെട്ടാണ് കുറച്ചു നാളായി ബോളിവുഡ് ലോകത്തെ സംസാര വിഷയം. ഇരുവരും ഒന്നിക്കുന്ന ആദ്യ പ്രോജക്‌ട് 'ഡങ്കി'യുടെ റിലീസിനായി (Dunki release) ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
റിലീസിനോടടുക്കുന്ന സിനിമയുടെ പുതിയ വിരുന്നിനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇതിനോടകം തന്നെ സിനിമയുടെ ടീസര്‍, ഒരു വീഡിയോ ഗാനം, ഒരു ലിറിക്കല്‍ വീഡിയോ എന്നിവ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഇനി പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത് ഡങ്കിയുടെ ട്രെയിലറിനായാണ് (Dunki trailer).
'ഡങ്കി'യുടെ നാലാമത് ഡ്രോപ്പായ 'ഡങ്കി' ട്രെയിലര്‍ നാളെ (ഡിസംബർ 5) റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ റിലീസിന് 16 ദിവസം മാത്രം ശേഷിക്കവെയാണ്, ഷാരൂഖ് ഖാനും രാജ്‌കുമാർ ഹിറാനിയും 'ഡങ്കി'യുടെ ലോകത്തേയ്‌ക്ക് പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്.
സിനിമയുടെ നിർണായക പ്ലോട്ട് പോയിന്‍റുകൾ വെളിപ്പെടുത്തുന്ന ഹൃദയസ്‌പര്‍ശിയായ കഥയിലേയ്‌ക്കുള്ള ഒരു നേര്‍ക്കാഴ്‌ചയാകും 'ഡങ്കി'യുടെ ട്രെയിലർ സമ്മാനിക്കുക എന്നാണ് പ്രതീക്ഷ. ട്രെയിലർ റിലീസിന് ശേഷം സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് വിപണികള്‍ നിര്‍മാതാക്കള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്, രാജ്‌കുമാർ ഹിരാനി ഫിലിംസ്, ജിയോ സ്‌റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ഡങ്കിയുടെ നിർമാണം നിര്‍വഹിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ നായികയായി ചിത്രത്തില്‍ തപ്‌സി പന്നുവാണ് വേഷമിടുന്നത്. കൂടാതെ വിക്കി കൗശൽ, ബൊമൻ ഇറാനി, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read:സലാര്‍ ട്രെയിലര്‍ തരംഗത്തിനിടെ ഡങ്കി ഗാനം; പ്രിയപ്പെട്ടതെന്ന് ഷാരൂഖ്
അനധികൃത കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തിൽ, വ്യത്യസ്‌തമായ കഥകൾ നെയ്തെടുക്കുകയാണ് ചിത്രം. ഡങ്കിയിലെ കഥാപാത്രങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് നർമ്മവും ഹൃദയഭേദകവുമായ ഉത്തരങ്ങൾ നൽകുകയാണ് സംവിധായകന്‍. ഷാരൂഖ് ഖാന്‍റെ കഥാപാത്രവും സുഹൃത്തുക്കളും നടത്തുന്ന യാത്രയാണ് ചിത്രപശ്ചാത്തലം.
വിദേശത്ത് പറക്കാനുള്ള നാല് സുഹൃത്തുക്കളുടെ ഹൃദയസ്‌പര്‍ശിയായ കഥയാണ് 'ഡങ്കി'. കാനഡ, ഇംഗ്ലണ്ട് തുടങ്ങി രാജ്യങ്ങളിലേയ്‌ക്കുള്ള ഇന്ത്യൻ യുവാക്കളുടെ കൂട്ട കുടിയേറ്റമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനായി ഒന്നിച്ച് വെല്ലുവിളികള്‍ നേരിടുകയും സന്തോഷം പങ്കിടുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ കഥ കൂടിയാണ് ചിത്രം.
യഥാര്‍ഥ ജീവിത അനുഭവങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട് ഒരുക്കിയ 'ഡങ്കി' പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഇതിഹാസമാണ്. വ്യത്യസ്‌ത കഥകളെ ഒരുമിച്ച് കൊണ്ടുവരികയും, ഉല്ലാസകരവും ഹൃദയഭേദകവുമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുകയാണ് സിനിമയിലൂടെ സംവിധായകന്‍. സങ്കീർണമായ ഒരു വിഷയത്തിലേയ്‌ക്കാകും ചിത്രം വെളിച്ചം വീശുക. 'ഡങ്കി ഫ്ലൈറ്റ്' എന്ന കൗതുകകരവും സവിശേഷവുമായ ഒരു ആശയവും 'ഡങ്കി'യിലൂടെ സംവിധായകന്‍ പര്യവേഷണം ചെയ്യുകയാണ്. അമേരിക്ക, കാനഡ, യുണൈറ്റഡ് കിങ്‌ഡം തുടങ്ങി രാജ്യങ്ങളിലേക്ക് പിൻവാതിലൂടെ പ്രവേശിക്കുന്ന, നിയമ വിരുദ്ധമായ രീതിയെയാണ് 'ഡങ്കി ഫ്ലൈറ്റ്' എന്ന് പറയുന്നത്.
ഡിസംബർ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഡങ്കി രാജ്‌കുമാര്‍ ഹിറാനയുടെ ആറാമത് സംവിധാന സംരംഭമാണ്. 'മുന്നാഭായ് എംബിബിഎസ്' (Munnabhai MBBS), 'ലഗേ രഹോ മുന്നാഭായ്' (Lage Raho Munnabhai), '3 ഇഡിയറ്റ്സ്' (3 Idiots), 'പികെ' (PK), 'സഞ്ജു' (Sanju) എന്നിവയാണ് രാജ്‌കുമാര്‍ ഹിറാനിയുടെ മറ്റ് ചിത്രങ്ങള്‍.
Also Read:'അവരെക്കുറിച്ച് ഇനിയും പറയാനുണ്ട്' ; ഡങ്കി പുതിയ പോസ്‌റ്ററുകളുമായി ഷാരൂഖ് ഖാന്‍