ഹൈദരാബാദ്: ഒമിക്രോണ്‍ നിയന്ത്രണത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് മുതിർന്ന ശാസ്‌ത്രജ്ഞനും ജീനോം സീക്വൻസിങ് വിദഗ്‌ധനുമായ ഡോ. രാകേഷ് കെ മിശ്ര. ഹൈദരാബാദ് സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി) മുൻ ഡയറക്‌ടർ കൂടിയായ ഡോ. രാകേഷ് കെ മിശ്ര ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ പുതിയ കോവിഡ് -19 വേരിയന്‍റിനെക്കുറിച്ചും, ഇന്ത്യ അതിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. സമഗ്രമായ വാക്‌സിനേഷൻ ഡ്രൈവിലൂടെ ഭീഷണിയെ നേരിടാൻ രാജ്യം കൂടുതൽ സജ്ജമാണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ജീനോമിക്‌സിലും എപ്പിജെനെറ്റിക്‌സിലും വിദഗ്‌ധനായ ഡോ. മിശ്ര പറഞ്ഞു.
'ഇന്ത്യ വളരെ മെച്ചപ്പെട്ട നിലയിലാണ്. വളരെ ഉയർന്ന സെറോപോസിറ്റിവിറ്റി നിരക്കും മികച്ച വാക്‌സിൻ പ്രോഗ്രാമും നടക്കുന്നുണ്ട്. അത് കൂടുതൽ ത്വരിതപ്പെടുത്താനും ശേഷിക്കുന്ന ജനസംഖ്യയെ എത്രയും വേഗം അതില്‍ ഉൾക്കൊള്ളിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' അദ്ദേഹം പറഞ്ഞു.
ആവശ്യമായ വാക്‌സിൻ ലഭ്യമാകുമ്പോൾ കുട്ടികൾക്കും കുത്തിവയ്പ്പ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൂസ്‌റ്റർ ഷോട്ടുകൾ രാജ്യത്തിന് ഒരു ഒപ്ഷനായിരിക്കണമോ എന്ന ചോദ്യത്തിന്, മുഴുവൻ ജനങ്ങളെയും കവർ ചെയ്യുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഡോ. മിശ്ര പറഞ്ഞു.
'ബൂസ്‌റ്റർ ഷോട്ടുകൾ എല്ലായ്‌പ്പോഴും നല്ലതാണ്. പക്ഷേ ഇന്ത്യയിൽ അത് കൊണ്ട് നേട്ടമുണ്ടാകുമെന്ന് കരുതുന്നില്ല. ഇനിയും കോടിക്കണക്കിന് ആളുകൾ വാക്‌സിനേഷൻ എടുക്കാത്തവരാണെങ്കിൽ, ആദ്യം അവരെ കവർ ചെയ്യുന്നതാണ് നല്ലത്' അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷനില്‍ ജനസംഖ്യയെ പൂർണമായി ഉൾക്കൊള്ളിച്ചു കഴിഞ്ഞാൽ, രാജ്യം ബൂസ്റ്റർ ഡോസുകളിലേക്ക് പോകാൻ തീരുമാനിക്കുമ്പോൾ ആരോഗ്യ, മുൻനിര തൊഴിലാളികൾക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകാമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച ഡൽഹിയിൽ 10 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ നൂറ് കടന്നു. ഒമിക്രോണ്‍ അതിവേഗ പകർച്ച വ്യാധിയായതിനാൽ കൂടുതൽ വ്യാപിക്കുമെന്ന് ഡോ. മിശ്ര പറഞ്ഞു.
'ഇന്ത്യയിൽ പകർച്ച അൽപ്പം സാവധാനത്തിലാണ്. എന്നാൽ അണുബാധയുടെ തോത് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. നമ്മൾ കാത്തിരുന്ന് കാണേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുകയും അച്ചടക്കം പാലിക്കാതിരിക്കുകയും ചെയ്‌താല്‍ മറ്റൊരു പ്രതിസന്ധിയിൽ നാം നമ്മെത്തന്നെ എത്തിക്കുന്നത് പോലെയാകും. അത് കൂടുതൽ സാമ്പത്തിക സമ്മർദ്ദത്തിലേക്കും നയിക്കും.' അദ്ദേഹം പറഞ്ഞു.
ഇന്ത്യ മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യത്തിന്, ആളുകൾ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡോ. മിശ്ര പറഞ്ഞു.
'നമ്മൾ അശ്രദ്ധരായാൽ, ഡെൽറ്റയ്ക്ക് പോലും മൂന്നാം തരംഗത്തെ കൊണ്ടുവരാൻ കഴിയും. നിങ്ങൾ പാർട്ടികൾ ആരംഭിച്ചാൽ, വിവാഹ ചടങ്ങുകളിൽ വലിയ ഒത്തുചേരലുകൾ നടത്തിയാൽ, അത്തരം നിരവധി സൂപ്പർ സ്പ്രെഡിങ് ഇവന്‍റുകൾ സംഘടിപ്പിച്ചാൽ പ്രശ്‌നം വീണ്ടും ആരംഭിക്കും' അദ്ദേഹം മുന്നറിയിപ്പ് നൽകി.
'വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറയുമെന്ന് അവകാശപ്പെടുന്ന പഠനങ്ങൾ ശ്രദ്ധിക്കേണ്ടതില്ല. അത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധശേഷി ഒന്നിലധികം പാളികളാണ്. ഒന്ന് ആന്‍റിബോഡി സംരക്ഷണവും രണ്ടാമത്തേത് കോശങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ ശേഷിയുമാണ്.
അത് കോശങ്ങളെ തിരിച്ചറിയുകയും കൊല്ലുകയും ചെയ്യുന്നു. അങ്ങനെയാണ് അണുബാധ നിയന്ത്രിക്കുന്നത്. ശരിയായ വാക്‌സിനേഷൻ എടുത്ത വ്യക്തികൾക്ക് ഒമിക്രോണില്‍ നിന്ന് പോലും ഏറിയും കുറഞ്ഞും സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാണ്.