ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ മരണത്തെ തുടർന്ന് പുതിയ സിഡിഎസ് നിയമനത്തിന് തയ്യാറായി കേന്ദ്ര സർക്കാർ. കരസേന മേധാവി എംഎം നരവനെയുടെ പേരാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എംഎം നരവനെ സിഡിഎസ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് മികച്ച തീരുമാനമായിരിക്കുമെന്നാണ് റിട്ടയേർഡ് മിലിട്ടറി കമാൻഡോകളുടെ അഭിപ്രായം. അടുത്ത അഞ്ച് മാസത്തിനുള്ളിൽ അദ്ദേഹം കരസേന മേധാവിയുടെ സ്ഥാനത്ത് നിന്ന് റിട്ടയേർഡ് ആവാനിരിക്കെ ഈ തീരുമാനത്തിനാണ് കൂടുതൽ മുൻതൂക്കം ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനയിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കുമെന്നും ഈ സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും തുടർന്ന് ഇത് പ്രതിരോധമന്ത്രിയുടെ അഭിപ്രായത്തിനായി അയക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. തുടർന്ന് ക്യാബിനറ്റാകും പുതിയ സിഡിഎസിനെ തെരഞ്ഞെടുക്കുന്നതിൽ അവസാന തീരുമാനം എടുക്കുക. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാകും ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയെന്നും അധികൃതർ സ്ഥിരീകരിച്ചു.