ജയപൂർ: സംസ്ഥാനത്ത് ഓക്‌സിജൻ വിതരണം ചെയ്യണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. ഓക്‌സിജൻ ലഭ്യമാകാത്തത് മൂലം കർണാടക ആശുപത്രിയിൽ 24 രോഗികൾ മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും തന്‍റെ സംസ്ഥാനത്തും ഓക്‌സിജൻ അഭാവം നേരിടുന്നതിനാൽ യാതൊരു മോശം സാഹചര്യവും ഉണ്ടാകുന്നതിന് മുന്നേ രോഗികൾക്കാവശ്യമായ ഓക്‌സിജൻ എത്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഓരോ വ്യക്തിയുടെയും ജീവിതം വിലപ്പെട്ടതാണെന്നതിനാൽ രാജസ്ഥാനെ സഹായിക്കാൻ വീണ്ടും കേന്ദ്രത്തോട് അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.