ജയ്‌പൂര്‍: മുന്‍ കോണ്‍ഗ്രസ് നേതാവും സച്ചിന്‍ പൈലറ്റിന്‍റെ പിതാവുമായ രാജേഷ് പൈലറ്റിനെതിരെ ബിജെപി നേതാവ് അമിത് മാളവ്യ നടത്തിയ ആരോപണത്തില്‍ മറുപടിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്.
ഇന്ത്യന്‍ വ്യോമ സേനയിലെ ധീരനായ പൈലറ്റായിരുന്നു രാജേഷ് പൈലറ്റ് എന്ന് പറഞ്ഞുകൊണ്ട് ഗലോട്ട് രംഗത്തെത്തിയത്. 'രാജേഷ് പൈലറ്റിനെ അപമാനിക്കുന്നതിലൂടെ ബിജെപി ഇന്ത്യന്‍ വ്യോമ സേനയുടെ ത്യാഗത്തെ അപമാനിക്കുകയാണ്. രാജ്യം മുഴുവന്‍ ഇതിനെ അപലപിക്കണം' -അശോക് ഗലോട്ട് എക്‌സില്‍ കുറിച്ചു.
രാജസ്ഥാൻ കോൺഗ്രസില്‍ മാസങ്ങളായി തുടരുന്ന ആഭ്യന്തര തർക്കത്തിനിടയിലും സച്ചിൻ പൈലറ്റിനെയും അച്ഛൻ രാജേഷ് പൈലറ്റിനെയും പിന്തുണച്ച് ഗലോട്ട് രംഗത്ത് എത്തിയത് കോൺഗ്രസ് പാർട്ടിക്കും ആശ്വാസമായി. സച്ചിനും ഗലോട്ടിനും ഇടയില്‍ മഞ്ഞുരുകിയെന്ന കേന്ദ്രനേതൃത്വത്തിന്‍റെ അവകാശ വാദം ശരിയാണെന്ന തരത്തിലാണ് രാജസ്ഥാനില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍.
രാജേഷ് പൈലറ്റിന് എതിരായ ആരോപണം ഇങ്ങനെ:1966 മാര്‍ച്ച് അഞ്ചിന് മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്വാളില്‍ ബോംബിട്ട ഇന്ത്യന്‍ വ്യോമ സേന വിമാനം പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയും ആണെന്നായിരുന്നു ബിജെപി ഐടി വിഭാഗം തലവന്‍ അമിത് മാളവ്യയുടെ പ്രസ്‌താവന. ഇതേവര്‍ഷം ഒക്‌ടോബറില്‍ ആയിരുന്നു തന്‍റെ പിതാവിനെ സേനയില്‍ നിയമിച്ചതെന്നും അതിനാല്‍ ബിജെപി നേതാവിന് വസ്‌തുതകളും തീയതികളും തെറ്റിയെന്നും അജിത് മാളവ്യയുടെ പ്രസ്‌താവനയില്‍ പ്രതികരിച്ച് സച്ചിന്‍ പൈലറ്റ് രംഗത്ത് എത്തിയിരുന്നു.
'നിങ്ങളുടെ കൈവശം ഉള്ളത് തെറ്റായ തീയതികളും വസ്‌തുതകളും ആണ്. അതെ, ഒരു ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്‍റെ പിതാവ് ബോംബുകള്‍ വര്‍ഷിച്ചു. എന്നാല്‍ അത് 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് കിഴക്കന്‍ പാകിസ്ഥാനിലായിരുന്നു. അല്ലാതെ നിങ്ങള്‍ അവകാശപ്പെടുന്നതുപോലെ 1966 മാര്‍ച്ച് അഞ്ചിന് മിസോറാമില്‍ അല്ല. 1966 ഒക്‌ടോബര്‍ 29നാണ് അദ്ദേഹം വ്യോമസേനയില്‍ നിയമിതനായത്' -അജിത് മാളവ്യയുടെ പോസ്റ്റ് ടാഗ് ചെയ്‌തുകൊണ്ട് സച്ചിന്‍ പൈലറ്റ് കുറിച്ചു. സര്‍ട്ടിഫിക്കറ്റും ചേര്‍ക്കുന്നു എന്ന് എഴുതിക്കൊണ്ട് 1966 ഒക്‌ടോബര്‍ 29ന് രാജേഷ് പൈലറ്റിനെ വ്യോമസേനയില്‍ നിയമിച്ചതിന്‍റെ രേഖകളും സച്ചിൻ പങ്കിട്ടു.
രാജസ്ഥാനില്‍ മഞ്ഞുരുക്കമോ: രൂക്ഷമായ അധികാര തർക്കം നിലനില്‍ക്കുന്ന രാജസ്ഥാൻ കോൺഗ്രസില്‍ സച്ചിൻ പൈലറ്റും അശോക് ഗലോട്ടും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞത് കോൺഗ്രസിന് സൃഷ്‌ടിക്കുന്ന തലവേദന വലുതാണ്. ഗലോട്ട് സർക്കാരിന് എതിരെ പരസ്യ വിമർശങ്ങളുമായി സച്ചിൻ പൈലറ്റ് വിഭാഗം മുന്നോട്ടു പോകുമ്പോൾ പാർട്ടിയില്‍ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനാണ് ഗലോട്ട് വിഭാഗം ശ്രമിക്കുന്നത്. ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇരുവിഭാഗത്തെയും ഒന്നിച്ചു കൊണ്ടുപോകാനാണ് കോൺഗ്രസ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.
ഗലോട്ട് സര്‍ക്കാരിന്‍റെ സമൂഹ്യ ക്ഷേമ പദ്ധതികള്‍ വരും തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ നടപടി എടുക്കുക, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സച്ചിന്‍ പൈലറ്റിനെ കൂടുതല്‍ അടുപ്പിക്കാന്‍ ഗലോട്ടിന് കഴിയുമോ എന്നതും രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുകയാണ്.