ജയ്‌പൂര്‍: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്രത്തിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി സാധാരണക്കാര്‍ ദുരിതമനുഭവിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഇന്ധന വിലയില്‍ സംസ്ഥാനം അധിക നികുതി ഈടാക്കുന്നുവെന്ന അഭ്യൂഹങ്ങളിലും മുഖ്യമന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കി.
ഇന്ധന വില വര്‍ധന; കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട്
ഇന്ധന വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വിമര്‍ശിച്ചു.
മോദി സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് ലിറ്ററിന് 31.80 രൂപയും എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തി. അതേ സമയം യുപിഎ സര്‍ക്കാറിന്‍റെ 2014ലെ ഭരണ കാലത്ത് പെട്രോളിന് 9.20 രൂപയും ഡീസലിന് ലിറ്ററിന് 3.46 രൂപയുമായിരുന്നു എക്‌സൈസ് തീരുവയെന്ന് അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്‌തു. പൊതുജന താല്‍പര്യാർഥം എത്രയും പെട്ടെന്ന് മോദി സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറക്കണമെന്നും അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ പറയുന്നു.ഇത് മോദി സര്‍ക്കാറിന്‍റെ തെറ്റായ സാമ്പത്തിക നയത്തിന്‍റെ ഭാഗമാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നിലവിൽ യുപിഎ ഭരണകാലത്ത് ഉണ്ടായിരുന്നതിന്‍റെ പകുതിയായിട്ട് പോലും ഇന്ധന വില നിരക്ക് എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കിലായെന്നും അശോക് ഗെഹലോട്ട് ട്വീറ്റ് ചെയ്‌തു.
രാജസ്ഥാനിന്‍റെ സാമ്പത്തിക രംഗത്തെ കൊവിഡ് ഗുരുതരമായി ബാധിച്ചെന്നും സംസ്ഥാനത്തിന്‍റെ വരുമാനം കുറഞ്ഞെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. എങ്കിലും ജനങ്ങള്‍ക്കു വേണ്ടി കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ വാറ്റ് നികുതി 2 ശതമാനം കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം ദിവസേന ഇന്ധന വില വര്‍ധിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോളിന് അധിക നികുത്തി ചുമത്തുന്നതായും അതിനാലാണ് സംസ്ഥാനത്ത് വിലകൂടുതലെന്ന് ചില ആളുകള്‍ കിംവദന്തി പരത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ ഗെഹ്‌ലോട്ട് ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ രാജസ്ഥാനേക്കാള്‍ കൂടുതല്‍ നികുതി ചുമത്തുന്നുണ്ടെന്ന് വ്യക്തമാക്കി. ഭോപ്പാലിനെക്കാള്‍ പെട്രോള്‍ വില നിരക്ക് ജയ്‌പൂരില്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.