ന്യൂഡൽഹി: ബിജെപി എംപി ഗൗതം ഗംഭീർ തിങ്കളാഴ്ച മുതൽ ഡൽഹിയിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാംപുകൾ ആരംഭിക്കും. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാംപിന്‍റെ ചെലവുകൾ ഗൗതം ഗംഭീർ ഫൗണ്ടേഷൻ വഹിക്കും. ഡൽഹിയിലെ എല്ലാ ജനങ്ങളും വാക്സിനേഷൻ സ്വീകരിക്കുന്നതു വരെ ക്യാംപ് തുടരുമെന്ന് ഗംഭീർ അറിയിച്ചു.
ചേരികളിൽ മൊബൈൽ വാക്സിനേഷൻ വാനുകളിലൂടെ എല്ലാ ഞായറാഴ്ചയും വാക്സിനേഷൻ നടത്തുമെന്നും ആവശ്യമെങ്കിൽ വാക്സിനേഷൻ നൽകുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടുമെന്നും ഗംഭീർ പറഞ്ഞു. നിലവിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനാണ് വാക്സിനേഷൻ ക്യാംപിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ വരും നാളുകളിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്കും ക്യാംപിലൂടെ ഗൗതം ഗംഭീർ ഫൗണ്ടേഷൻ വാക്സിൻ നൽകും. ഗംഭീറിന്‍റെ പാർലമെന്‍റ് മണ്ഡലമായ ഈസ്റ്റ് ഡൽഹിയിലാകും ആദ്യത്തെ ക്യാംപ് സംഘടിപ്പിക്കുക.