ലക്‌നൗ: മഹാമാരി കണക്കിലെടുത്ത് വരാനിരിക്കുന്ന ഉത്സവങ്ങൾക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ ക്രിമിനൽ പ്രൊസീജ്യറിന്‍റെ (സിആർപിസി) 144 വകുപ്പ് കർശനമാക്കാൻ ധാരണ. ഇതുപ്രകാരം സംസ്ഥാനത്ത് അനധികൃത പ്രതിഷേധങ്ങൾ നിരോധിക്കുമെന്നും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി ജനങ്ങൾ പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും ഗൗതം ബുദ്ധനഗർ പൊലീസ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് ധാരണ.
ആഘോഷങ്ങൾക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ 144 കർശനമാക്കും - ഗൗതം ബുദ്ധനഗർ
ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് ധാരണ
ഹോളി, ഷാബ്-ഇ-ബറാത്ത്, ദുഃഖവെള്ളി, നവരാത്രി, അംബേദ്‌കർ ജയന്തി, രാം നവാമി, മഹാവീർ ജയന്തി, ഹനുമാൻ ജയന്തി തുടങ്ങിയ ഉത്സവങ്ങൾക്കാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ അവസരങ്ങളിൽ സാമൂഹ്യ വിരുദ്ധർ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശുതോഷ് ദ്വിവേദി ഉത്തരവിൽ പറഞ്ഞു.
അനുമതിയില്ലാതെ ആരും പ്രതിഷേധമോ ഘോഷയാത്രയോ നിരാഹാര സമരമോ നടത്താൻ പാടില്ലെന്നും ഭിന്നശേഷിക്കാരും കാഴ്‌ചശക്തിയില്ലാത്തവരുമല്ലാതെ പൊതുസ്ഥലങ്ങളിൽ വടികളോ തോക്കുകളോ വെടിമരുന്നുകളോ കൊണ്ട് ചുറ്റിക്കറങ്ങാൻ ആരെയും അനുവദിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ ഓഫീസുകൾക്കുള്ളിൽ തോക്കുകളോ വെടിക്കോപ്പുകളോ അനുവദിക്കില്ല. 144 വകുപ്പ് പ്രകാരം പൊലീസ് നിർദേശിച്ചിരിക്കുന്ന ഇത്തരം നിർദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ ഐപിസി സെക്ഷൻ 188 പ്രകാരം കുറ്റവാളികളെ അറസ്റ്റ് ചെയ്‌ത് വിചാരണക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.