സുരേഷ് ഗോപി (Suresh Gopi), ബിജു മേനോന്‍ (Biju Menon) ത്രില്ലര്‍ ചിത്രം 'ഗരുഡന്‍റെ' ട്രെയിലര്‍ റിലീസ് ചെയ്‌തു (Garudan Trailer). നീതിയ്ക്കായി പോരാടുന്ന ഒരു പൊലീസ് ഓഫീസറുടെയും, ജയില്‍ മോചിതനായ ഒരു കോളജ് പ്രൊഫസറുടെയും ജീവിതമാണ് ചിത്രപശ്ചാത്തലമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബിജു മേനോന്‍റെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളും ട്രെയിലറില്‍ ശ്രദ്ധ നേടുകയാണ്.
കേരള ആംഡ് പൊലീസ് കമാന്‍ഡന്‍റ് ഹരീഷ് മാധവന്‍ എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുമ്പോള്‍, നിഷാന്ത് എന്ന കോളജ് പ്രൊഫസറായി ബിജു മേനോന്‍ വേഷമിടുന്നു. നീണ്ട 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും 'ഗരുഡനി'ലൂടെ വീണ്ടും ഒന്നിച്ചെത്തുന്നത് (Suresh Gopi Biju Menon collaboration).
ദുരൂഹമായൊരു സംഭവത്തോട് കൂടിയാണ് 2.08 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആരംഭിക്കുന്നത്. സാക്ഷി വിസ്‌താരം നടത്തുന്ന പൊലീസിലേയ്‌ക്കും ജയില്‍ മോചിതനാകുന്ന കോളജ് പ്രൊഫസറിലേയ്‌ക്കുമാണ് ട്രെയിലര്‍ നീങ്ങുന്നത്. തുടര്‍ന്ന് നീതി തേടിയുള്ള പൊലീസ് ഓഫീസറുടെ ജീവിതത്തിലേയ്‌ക്കും ട്രെയിലര്‍ സഞ്ചരിക്കുന്നു. ട്രെയിലറില്‍, 'നീതി ലഭിച്ചിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' എന്ന സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ സംഭാഷണവും ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
'ഗരുഡന്‍റേ'തായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മോഷന്‍ പോസ്‌റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ കൗതുകം നിറഞ്ഞ പോസ്‌റ്ററും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഗരുഡന്‍റെ ചിറകില്‍ ബിജു മേനോന്‍റെ മുഖവും ഉടല്‍ ഭാഗത്ത് സുരേഷ് ഗോപിയുമായിരുന്നു പോസ്‌റ്ററില്‍. 'ഗരുഡന്‍റെ ചിറകുകള്‍ അനീതിയ്‌ക്ക് മേല്‍ കൊടുങ്കാറ്റാവും' - എന്ന അടിക്കുറിപ്പിലാണ് സുരേഷ് ഗോപി പോസ്‌റ്റര്‍ പങ്കുവച്ചത്.