കഞ്ചാവ് ഒളിപ്പിക്കാന്‍ ചരക്ക് വാഹനത്തില്‍ പ്രത്യേക അറ ബെംഗളൂരു:നൂതന മാര്‍ഗങ്ങള്‍ പരീക്ഷിച്ച് വില്‍പന വിപുലമാക്കുന്നവരാണ് കച്ചവടക്കാര്‍. ഇതിനായി ബന്ധപ്പെടുന്ന മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ഇത്തരക്കാര്‍ ശ്രമിക്കാറുണ്ട്. മിക്കസമയത്തും ഇത് വിജയിക്കാറുണ്ടെങ്കിലും മറ്റ് ചിലപ്പോള്‍ ഇത് ചീറ്റിപ്പോവാറുമുണ്ട്.
ലഹരികടത്തുകാരിലേക്ക് കടന്നാല്‍, വില്‍പന വിപുലമാക്കാനും പിടിവീഴാതിരിക്കാനും ഇവരും സമാനമായ മാര്‍ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തമായി ആദ്യതവണകളില്‍ വിജയിച്ചേക്കാമെങ്കിലും വൈകാതെ തന്നെ പൊലീസിന്‍റെയോ അന്വേഷണ ഏജന്‍സികളുടെയോ കൈവീഴുമെന്നത് ഇവരുടെ കാര്യത്തില്‍ സുനിശ്ചിതമാണ്. ഇത്തരത്തിലൊന്നാണ് കഴിഞ്ഞദിവസം ചരക്ക് വാഹനത്തില്‍ രഹസ്യ അറകളുണ്ടാക്കി അതില്‍ 1,500 കിലോ ഗ്രാം കഞ്ചാവ് ഒളിപ്പിച്ചുകടത്തിയ മൂന്നുപേര്‍ പിടിയിലാകുന്നത്.
ആന്ധ്രാപ്രദേശ് ഒഡിഷ അതിർത്തി പ്രദേശങ്ങളില്‍ നിന്നും കഞ്ചാവ് വാങ്ങി വാഹനത്തിലെ രഹസ്യ അറകളിലൊളിപ്പിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടത്തിയ പ്രതികളെ ബെംഗളൂരു സിസിബി പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്നും പിടികൂടിയ കഞ്ചാവിന് വിപണിയില്‍ 12 കോടി രൂപ വിലമതിക്കുമെന്ന് പൊലീസ് അറിയിച്ചു.
ലഹരിക്കടത്തിന് പ്രത്യേക മാര്‍ഗങ്ങള്‍: ലഹരിമരുന്ന് കടത്തിനായി പ്രതികള്‍ ഉപയോഗിച്ചിരുന്നത് രാജസ്ഥാൻ രജിസ്ട്രേഷനുള്ള ഒരു ചരക്ക് വാഹനമായിരുന്നു. ഇതില്‍ കഞ്ചാവ് കടത്താന്‍ തക്ക ക്രമീകരണങ്ങളും ഇവര്‍ ഒരുക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി വാഹനത്തില്‍ ചരക്ക് കയറ്റുന്ന അറയ്ക്ക് അടിയിലായി മറ്റൊരു രഹസ്യ അറയും ഇവർ ഉണ്ടാക്കിയിരുന്നു. മാത്രമല്ല മുകളിലായുള്ള ചരക്ക് കയറ്റുന്ന കമ്പാര്‍ട്ട്‌മെന്‍റില്‍ മുന്‍നിര ഇ കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ പാഴ്‌സല്‍ ബോക്‌സുകളിലും ഇവര്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നു. ഇത് കൂടാതെ വാഹനത്തിന് വിവിധ വ്യാജ നമ്പർ പ്ലേറ്റുകളായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്.
പിടിവീഴുന്നത് ഇങ്ങനെ: ബെംഗളൂരുവിൽ വില്‍പനയ്‌ക്ക് കഞ്ചാവ് എത്തിച്ചിരുന്ന സൽമാൻ, രാജസ്ഥാന്‍ സ്വദേശി ചന്ദ്രഭാന്‍ ബിഷ്‌ണോയ്, ആന്ധ്രാപ്രദേശ് സ്വദേശി ലക്ഷ്‌മി മോഹന്‍ ദാസ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായിട്ടുള്ളത്. എംബിഎ ബിരുദധാരിയായ ചന്ദ്രഭാന്‍ ബിഷ്‌ണോയാണ് കേസിലെ മുഖ്യപ്രതി. ഇയാളും ബിഎ ബിരുദധാരിയായ ലക്ഷ്‌മി മോഹന്‍ ദാസും അന്തർസംസ്ഥാന കഞ്ചാവ് വിൽപനയില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരു ചാമരാജ്പേട്ട് പൊലീസ് സ്‌റ്റേഷനിൽ അടുത്തിടെ അറസ്‌റ്റിലായ സൽമാൻ എന്ന പ്രതിയെ ചോദ്യം ചെയ്‌തതിലൂടെയാണ് അന്തർ സംസ്ഥാന മയക്കുമരുന്ന് ശൃംഖല കണ്ടെത്തുന്നത്. ഇതിന് പിന്നാലെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെത്തിയ പൊലീസ് സംഘം മൂന്നാഴ്‌ചയോളം ഓപറേഷന്‍ നടത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതികളായ ചന്ദ്രഭാന്‍ ബിഷ്‌ണോയെയും ലക്ഷ്‌മി മോഹൻദാസിനെയും അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി ദയാനന്ദ് അറിയിച്ചു.
പ്രതികളെ പിടികൂടുന്നതില്‍ സിസിബി പൊലീസിന്‍റെ പ്രവർത്തനങ്ങളെ കമ്മിഷണർ അഭിനന്ദിച്ചു. ബെംഗളൂരുവിലേക്കെത്തുന്ന മിക്ക കഞ്ചാവിനും പിന്നിൽ ഈ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കർണാടക പൊലീസ് പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് കേസുകളിൽ ഒന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നിനെതിരായ തങ്ങളുടെ പ്രവർത്തനം ഭാവിയിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുണ്ടാനേതാവിന്‍റെ കൊലപാതകം:കർണാടകയിൽ മഡിവാള സ്വദേശിയും ഗുണ്ടാനേതാവുമായ കപിലിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ പൊലീസ് ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മുൻ വൈരാഗ്യത്തിന്‍റെ പേരിൽ കപിലിനെ രണ്ട് സ്‌കൂട്ടറിലായി പിന്തുടർന്നെത്തിയ പ്രതികൾ ദേവര ജീവനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ നവീൻ കുമാർ, രാഹുൽ, പുനീത് കുമാർ, പവൻകുമാർ, ശങ്കർ എന്നിവരാണ് പൊലീസ് പിടിയിലായിട്ടുള്ളത്. കൊലപാതകം ശേഷം പ്രതികൾ രക്ഷപ്പെട്ടെങ്കിലും സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് പിന്തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്.