ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ട കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ് നടക്കുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ തീവ്രവാദ ബന്ധം ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് റെയ്‌ഡ്.
ലോറൻസ് ബിഷ്‌ണോയ്, നീരജ് ബവാന, തില്ലു താസ്‌പുരിയ, ഗോൾഡി ബ്രാർ എന്നിവരുമായുള്ള ഗുണ്ട ബന്ധം കേന്ദ്രീകരിച്ചാണ് റെയ്‌ഡ് നടക്കുന്നത്. നിരവധി ഗുണ്ടാസംഘങ്ങളെ എൻഐഎ ചോദ്യം ചെയ്‌തതിന് ശേഷമാണ് റെയ്‌ഡ് തെരച്ചിൽ ചെയ്‌തത്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 52 സ്ഥലങ്ങളിൽ ഒക്‌ടോബറിലും റെയ്‌ഡ് നടത്തിയിരുന്നു. തുടർന്ന് ഒരു അഭിഭാഷകനെയും ഹരിയാനയിലെ ഗുണ്ടാം സംഘത്തെയും എൻഐഎ അറസ്റ്റ് ചെയ്‌തു.
വടക്കുകിഴക്കൻ ഡൽഹിയിലെ ഉസ്‌മാൻപൂർ പ്രദേശത്തെ ഗൗതം വിഹാർ സ്വദേശിയായ ആസിഫ് ഖാനാണ് അറസ്റ്റിലായ അഭിഭാഷകൻ. ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് നാല് ആയുധങ്ങളും കുറച്ച് പിസ്റ്റളുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇതേ തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി എൻഐഎ പറഞ്ഞു.
ഹരിയാനയിലെ സോനെപത് സ്വദേശിയായ രാജു മോട്ട എന്ന രാജേഷിനെയും എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾക്കെതിരെ ഒന്നിലധികം ക്രിമിനൽ കേസുകളുണ്ടെന്നും എൻഐഎ വ്യക്തമാക്കി. ജയിലിന് അകത്തും പുറത്തും ഗുണ്ടാ സംഘങ്ങളെ സഹായിക്കുന്ന തരത്തിലുള്ള ബന്ധങ്ങളുണ്ടെന്നും ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും എൻഐഎ അറിയിച്ചു.
സെപ്‌റ്റംബറിലും ഈ അഞ്ച് ഇടങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു. നിരവധി ഗുണ്ട നേതാക്കളെ എൻഐഎ പിടികൂടി. ഇവരുടെ ഗുണ്ട കേന്ദ്രങ്ങളിൽ നടത്തിയ തെരച്ചിലിൽ പിസ്റ്റളുകളും റിവോൾവറുകളും, വെടിയുണ്ടകളും, ആയുധങ്ങളും, മറ്റ് കുറ്റകരമായ രേഖകളും, ഡിജിറ്റൽ ഉപകരണങ്ങൾ, കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിച്ച പണം, സ്വർണം, ഭീഷണിക്കത്ത് എന്നിവ കണ്ടെടുത്തു.