ന്യൂഡൽഹി:ക്രിമിനൽ-ഭീകരവാദ ശൃംഖല കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യത്തുടനീളമുള്ള 72 സ്ഥലങ്ങളിൽ റെയ്‌ഡ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഗുണ്ടാസംഘങ്ങൾക്കെതിരെയുള്ള തെളിവുകൾ അന്വേഷിക്കും.
ഉത്തർപ്രദേശിലെ പിലിഭിത്, പ്രതാപ്‌ഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്ന എൻഐഎ ഉത്തരേന്ത്യൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അന്വേഷണം നടത്തും. കഴിഞ്ഞ വർഷം നവംബറിൽ പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിൽ നടത്തിയ റെയ്‌ഡിൽ ഈ സംഘത്തിലെ നാല് പേരെ പിടികൂടിയിരുന്നു. കൊലപാതകം, അനധികൃത ആയുധങ്ങൾ കൈയില്‍ വയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരം ഈ ഗുണ്ടാസംഘങ്ങൾക്കെതിരെ കേസെടുത്തിരുന്നു.
ഗ്യാങ്സ്റ്റർ നെക്‌സസ് നെറ്റ്‌വർക്കിനായി സിർസ ആസ്ഥാനമായുള്ള ലോജിസ്‌റ്റിക് പ്രൊവൈഡറെയും ആയുധ വിതരണക്കാരനെയും ഒരാഴ്‌ച മുമ്പ് എൻഐഎ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇന്ത്യയിലും വിദേശത്തും കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താൻ ശ്രമിക്കുന്ന നിരവധി ക്രിമിനൽ ഗുണ്ടാസംഘങ്ങളെയും കേന്ദ്ര ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിയാനയിലെയും പഞ്ചാബിലെയും വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര-ക്രിമിനൽ സംഘത്തെ വേരോടെ പിഴുതെറിയാനുള്ള എൻഐഎ നീക്കത്തിന്‍റെ ഭാഗമായിരുന്നു ആയുധ വിതരണക്കാരന്‍റെ അറസ്‌റ്റെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ എൻഐഎ ലുധിയാനയിലെ ടാർൻതരൻ,പഞ്ചാബിലെ മൊഹാലി ജില്ലകൾ, ഫാസിൽക്ക എന്നിവിടങ്ങളിൽ വ്യാപകമായ റെയ്‌ഡുകൾ നടത്തിയിരുന്നു. അന്ന് രാജസ്ഥാന്‍റെയും ഡൽഹിയുടെയും ചില ഭാഗങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ആയുധ വിതരണക്കാർ, വ്യവസായികൾ, ലോജിസ്‌റ്റിക്‌സ് ദാതാക്കൾ എന്നിവരുടെ പിന്തുണയോടെ കൂടുതൽ ശക്തിപ്പെടുന്ന ക്രിമിനൽ-ഭീകരവാദ ശൃംഖല തകർക്കുന്നതിനും തടയുന്നതിനുമാണ് കേന്ദ്ര ഏജൻസിയുടെ നിരന്തരമായ റെയ്‌ഡുകളും നടപടികളും.