മുംബൈ :കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഛോട്ടാ ഷക്കീലിന്‍റെ വിശ്വസ്ഥ ഷൂട്ടറായിരുന്ന അഹമ്മദ് ഫിദ ഹുസൈൻ ഷെയ്ഖിനെ (50) മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തു. 1997ൽ അധോലോക നായകൻ ഛോട്ടാ രാജന്‍റെ സംഘത്തിൽപെട്ട ഒരാളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹുസൈൻ ഷെയ്‌ഖ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ 25 വർഷത്തിന് ശേഷമാണ് താനെ റെയിൽവേ സ്‌റ്റേഷനു സമീപം പൈഡോണി പൊലീസ് അറസ്റ്റ് ചെയ്‌തത്.
അധോലോക നായകൻ ഛോട്ടാ രാജൻ സംഘത്തിലെ അംഗമായ മുന്ന ധാരിയെ ഷെയ്ഖും മറ്റ് സംഘാംഗങ്ങളും ചേർന്ന് വെടിവച്ചു കൊന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ കേസിൽ 1997 ഏപ്രിൽ രണ്ടിന് ആയുധ നിയമത്തിലെ 3, 25 വകുപ്പുകൾ ചുമത്തി ഷെയ്‌ഖിനെ അറസ്റ്റ് ചെയ്‌തു. എന്നാൽ 1998ൽ ഷെയ്‌ഖിനെ കോടതി ജാമ്യത്തിൽ വിട്ടയച്ചു.
ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വിചാരണയിലും ഹാജരാകാത്തതിനാൽ ഇയാൾ ഒളിവിൽ പോയതായി കോടതി സ്ഥിരീകരിച്ചു. മുംബ്രയിലാണ് ഷെയ്ഖ് താമസിക്കുന്നതെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. താനെ കാമ്പൂരിൽ ടാക്‌സി ഡ്രൈവറായി ഷെയ്ഖ് ജോലി ചെയ്‌തിരുന്നതായി പൊലീസിന് മറ്റൊരു സൂചന ലഭിച്ചു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും ഇന്നലെ താനെ റെയിൽവേ സ്‌റ്റേഷനു സമീപം വെച്ച് പിടികൂടുകയുമായിരുന്നു.
അതിനിടെ, 1997-ൽ ട്രേഡ് യൂണിയൻ നേതാവ് ദത്ത സമന്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഗുണ്ടാസംഘം ഛോട്ടാ രാജനെ പ്രത്യേക സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) കോടതി ഇന്നലെ വെറുതെവിട്ടു. സമന്തിന് എതിരെ രാജൻ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്ന് കോടതി വ്യക്‌തമാക്കി.
1981-ൽ മുംബൈയിലെ ടെക്‌സ്‌റ്റൈൽസ് മിൽ തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച സമന്ത്, 1997 ജനുവരി 16-ന് സബർബൻ ഘാട്‌കോപ്പറിലെ പന്ത് നഗറിലുള്ള തന്‍റെ ഓഫിസിലേക്ക് ജീപ്പിൽ യാത്ര ചെയ്യവേ വെടിയേറ്റു മരിക്കുകയായിരുന്നു. മോട്ടോർ ബൈക്കിൽ എത്തിയ അക്രമികൾ 17 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. രാജനാണ് കൊലപാതക ഗൂഢാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം.
എന്നാൽ രാജൻ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് പ്രത്യേക ജഡ്‌ജി ബി ഡി ഷെൽക്കെ വിധിയിൽ പറഞ്ഞു. 'സാക്ഷികൾ കൂറുമാറി. പ്രോസിക്യൂഷന്‍റെ കേസിനെ അവർ പിന്തുണയ്ക്കുന്നില്ല. മറ്റ് സാക്ഷികളുടെ മൊഴി പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പര്യാപ്‌തമല്ല. കോടതി പറഞ്ഞു.
വിചാരണയുടെ ആദ്യ ഘട്ടത്തിൽ, 2000 ജൂലൈയിൽ വിധി പ്രസ്‌താവിച്ചിരുന്നു. രാജനെതിരായ കേസിൽ ഗുണ്ടാസംഘം ഗുരു സതം, രാജന്‍റെ വിശ്വസ്‌തനായ രോഹിത് വർമ എന്നിവരെ ഒളിവിൽ കഴിയുന്ന പ്രതികളായി കാണിക്കുകയും അവരുടെ വിചാരണ വേർപെടുത്തുകയും ചെയ്‌തു. 2015 ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നാണ് രാജൻ അറസ്റ്റിലായത്. പിന്നീട് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌ത എല്ലാ കേസുകളും സിബിഐ ഏറ്റെടുക്കുകയായിരുന്നു.