സമസ്‌തിപൂർ:ബിഹാറിലെ സമസ്‌തിപൂർ (Samastipur Bihar) ജില്ലയിൽ ഓടുന്ന എസ്‌യുവി കാറില്‍വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം (Girl Gangraped) ചെയ്‌ത സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. വൈശാലി സ്വദേശികളായ മുഹമ്മദ് സലാവുദ്ദീൻ, മുസാഫർപൂര്‍ സ്വദേശി മുഹമ്മദ് അലാവുദ്ദീൻ, സക്ര സ്വദേശി യശ്വന്ത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പെൺകുട്ടിക്ക് ബോധം തിരികെ ലഭിച്ചത്. ഇതേ തുടര്‍ന്ന്, പൊലീസിൽ പരാതി നൽകുകയും ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.
അതിജീവിതയുടെ പരാതിയില്‍ പറയുന്നത്:ഓഗസ്റ്റ് 16ന് പുലർച്ചെ ഒരു മണിക്ക് കൊൽക്കത്തയിൽ നിന്നാണ് അതിജീവിതയും പിതാവും സമസ്‌തിപൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റെയില്‍വേ സ്റ്റേഷന്‍റെ പരിസത്തെ എസ്‌യുവി കാറിലുണ്ടായിരുന്നവര്‍ നാട്ടിലേക്ക് മടങ്ങാൻ ലിഫ്റ്റ് വാഗ്‌ദാനം ചെയ്‌തു. ഇവരുടെ വാക്ക് വിശ്വാസത്തിലെടുത്ത അതിജീവിതയും പിതാവും വാഹനത്തില്‍ കയറി.
മുക്തപൂരിനടുത്തുവച്ച് വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പെണ്‍കുട്ടിക്കും പിതാവിനും ശീതളപാനീയം നല്‍കി. തുടര്‍ന്ന്, ഇരുവരുടേയും ബോധം നഷ്‌ടപ്പെട്ടു. പിന്നീട്, മൂവരും ചേർന്ന് ഓടുന്ന വാഹനത്തിൽവച്ച് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾ പെണ്‍കുട്ടിയുടെ പിതാവിനെ പൂസയിലെ റോഡിൽ ഇറക്കിവിടുകയുണ്ടായി. കൂട്ടബലാത്സംഗത്തിന് ശേഷം മുസാഫർപൂരിലെ റോഡിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു.