'അങ്ങ് ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി പോരാടുകയാണ്. എന്നാൽ, ഒരു രാജ്യവും സത്യത്തിന്‍റെയും അഹിംസയുടെയും മാർഗത്തിൽ സ്വാതന്ത്ര്യം നേടിയതായി ചരിത്രമില്ല എന്ന് അറിയാമല്ലോ' സ്വാതന്ത്യ സമരകാലത്ത് ചിലർ ഗാന്ധിജിയോട് പറഞ്ഞു.
'ചരിത്രത്തിലെ മോശമായ മാതൃകകൾ നാം സ്വീകരിക്കണമെന്നില്ല. അഹിംസ, വിദ്വേഷമില്ലായ്‌മ, സാഹോദര്യം എന്നിവകൊണ്ട് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതായി നമുക്ക് ലോകത്തിന് മാതൃക കാട്ടാം' ഗാന്ധിജി മറുപടി പറഞ്ഞു.
1869 ഒക്‌ടോബർ 2ന് മോഹൻദാസ് (Mohandas Karamchand Gandhi) പിറന്നപ്പോൾ കരംചന്ദ് ഗാന്ധിയും പുത്‌ലി ബായിയും അറിഞ്ഞുകാണില്ല പിൽക്കാലത്ത് ഒരു രാജ്യത്തെ തന്നെ നയിക്കാൻ കെൽപ്പുള്ളവനാകുമെന്ന്. 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ആളായിരുന്നു മഹാത്മാഗാന്ധി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുത്തൻവഴി വെട്ടിത്തുറക്കുകയായിരുന്നു അദ്ദേഹം. അഹിംസയെ സമരായുധമാക്കി ലോകത്ത് അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു (Gandhi Jayanti 2023).
നിസഹകരണ പ്രസ്ഥാനം, ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങിയവയുടെ അമരത്ത് ഗാന്ധി ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സമരമാർഗങ്ങൾ എല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ സംഭാവനകളായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പൗരാവകാശ പ്രസ്ഥാനത്തിന് രൂപം നൽകിയതോടെ ഗാന്ധിയുടെ സ്വാധീനം ഇന്ത്യക്ക് പുറത്തേക്കും വ്യാപിച്ചു (Mahatma Gandhi).
സത്യഗ്രഹം (Satyagraha), അഹിംസ (Non violence) തുടങ്ങിയ ഗാന്ധിയുടെ തന്ത്രങ്ങൾ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള ശക്തമായ ആയുധങ്ങളായി. 1917-ലെ ചമ്പാരൻ സത്യഗ്രഹം മുതൽ 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് വരെ നേതൃത്വം നൽകിക്കൊണ്ട് സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവരെ ഒന്നിപ്പിച്ച് അദ്ദേഹം അവരുടെ ഉള്ളിൽ സ്വാതന്ത്ര്യത്തിനായുള്ള തീ ആളിപ്പടർത്തി.
ചമ്പാരൻ സത്യഗ്രഹം (1917): ഇന്ത്യയിൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ സത്യഗ്രഹ പ്രസ്ഥാനമാണ് 1917-ലെ ചമ്പാരൻ സത്യഗ്രഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രപരമായി പ്രാധാന്യമുള്ള സത്യഗ്രഹമായി കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് ഇന്ത്യയിലെ ബിഹാറിലെ ചമ്പാരൻ ജില്ലയിൽ നടന്ന ഒരു കർഷക പ്രക്ഷോഭമായിരുന്നു അത്.
ഖേഡ സത്യഗ്രഹം (1917 -1918): ചമ്പാരൻ സത്യഗ്രഹത്തിന് ശേഷം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന സത്യഗ്രഹമാണ് ഖേഡ സത്യഗ്രഹം. കർഷകത്തൊഴിലാളികളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടിയാണ് ഈ സത്യഗ്രഹവും നടന്നത്. വിളകൾക്കുണ്ടായ നാശവും പ്ലേഗ് രോഗവും കാരണം ഖേഡയിലെ കർഷകർക്ക് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയിരുന്ന ഉയർന്ന നികുതി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയിരുന്ന ഈ നികുതിക്കെതിരെയായിരുന്നു സത്യഗ്രഹം.
ഖിലാഫത്ത് പ്രസ്ഥാനം (1919):മുസ്‌ലിങ്ങളുടെ ആഗോള നേതൃത്വമായ തുർക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്‍റെ നീക്കത്തിന് എതിരെയാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിച്ചത്. പിന്നീട് അത് സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായി പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു.
നിസഹകരണ പ്രസ്ഥാനം (1920):1920ൽ തുടങ്ങി 1922 വരെ നീണ്ടുനിന്ന നിസഹകരണ പ്രസ്ഥാനം നയിച്ചത് മഹാത്മാഗാന്ധിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പിന്തുണയോടെയായിരുന്നു സമരം. സമരക്കാർ ബ്രിട്ടീഷ് ഉത്‌പന്നങ്ങൾ ഉപേക്ഷിക്കുകയും സ്വദേശി കൈത്തറി വസ്ത്രങ്ങളും, ഉത്‌പന്നങ്ങളും ഉപയോഗിക്കുകയും ചെയ്‌തു. മദ്യ വിൽപ്പന ശാലകളും ഉപരോധിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അന്നുവരെ നടന്നിട്ടില്ലാത്തത്ര വലിയ റാലിയും സമ്മേളനങ്ങളും നിസഹകരണ പ്രസ്ഥാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. സമാധാനപരമായ നിസഹകരണമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി എന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി.
ദണ്ഡി യാത്ര (1930):1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച ദണ്ഡി യാത്ര 1930 ഏപ്രിൽ 6 ന് അവസാനിച്ചു ദണ്ഡി കടപ്പുറത്തെത്തി അവസാനിച്ചു. ഉപ്പുകുറുക്കി ഗാന്ധിജി ബ്രിട്ടീഷ് സർക്കാർ ഉപ്പിന്‍റെ വിൽപ്പനയിൽ ഏർപ്പെടുത്തിയ വാണിജ്യ ആധിപത്യത്തെ വെല്ലുവിളിച്ചു.