ന്യൂഡല്‍ഹി:ചെങ്കോല്‍ വിവാദത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. നെഹ്‌റുവിന്‍റെ വാക്കിങ് സ്റ്റിക് പോലെ നെഹ്‌റു കുടുംബം ചെങ്കോല്‍, മ്യൂസിയത്തിന്‍റെ ഒരു മൂലയില്‍ തള്ളുകയായിരുന്നു എന്നാണ് സ്‌മൃതി ഇറാനിയുടെ വിമര്‍ശനം. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെയാണ് സ്‌മൃതി ഇറാനി രംഗത്ത് വന്നിരിക്കുന്നത്.
'ഞാന്‍ ഓരോ ഇന്ത്യക്കാരോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്, ചെങ്കോലിനെ നെഹ്‌റുവിന്‍റെ വാക്കിങ് സ്റ്റിക്ക് പോലെ കണക്കാക്കുകയും ചെങ്കോലിനോടുള്ള നെഹ്‌റു കുടുംബത്തിന്‍റെ സമീപനവും കാണുമ്പോള്‍ മനസിലാകുന്നില്ലേ രാജ്യത്തിന്‍റെ ചരിത്രത്തെയും ജനാധിപത്യത്തെയും കുറിച്ച് അവര്‍ എന്ത് ചിന്തിക്കുന്നു എന്ന്. അതിനാല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നെഹ്‌റു കുടുംബം ആളുകളെ പ്രേരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിശയമില്ല' -സ്‌മൃതി ഇറാനി പറഞ്ഞു.
നേരത്തെ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ചെങ്കോല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയുണ്ടായി. കോണ്‍ഗ്രസിന്‍റെ സമീപനം ജവഹര്‍ലാല്‍ നെഹ്‌റുവിനെ എതിര്‍ക്കുന്നതിന് തുല്യമാണെന്നായിരുന്നു ഹര്‍ദീപ് സിങ് പുരിയുടെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കവെ ടൈം മാഗസിന്‍റെ പഴയ ലക്കം കാണിച്ചായിരുന്നു പുരി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
'ഇത് 1947 ഓഗസ്റ്റ് 25 മുതലുള്ള ടൈം മാസികയുടെ ലക്കമാണ്. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തെ എതിർക്കുന്ന എല്ലാ സുഹൃത്തുക്കളും ഈ ലേഖനം വായിച്ച് 'ചെങ്കോല്‍' എന്നതിന്‍റെ പ്രതീകാത്മകതയെക്കുറിച്ചും 1947ല്‍ അതിന് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും കുറച്ച് ധാരണ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ നാടകത്തിലൂടെ കോണ്‍ഗ്രസുകാര്‍ സ്വന്തം നേതാവ് ജവഹർലാൽ നെഹ്‌റുവിനെ എതിർക്കുകയാണ്' -ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
നാളെ (28.05.2023)യാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യത്തിന്‍റെ അധികാരം കൈമാറ്റം ചെയ്യപ്പെട്ടതിന്‍റെ പ്രതീകമായി അടയാളപ്പെടുത്തിയ ചോങ്കോല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പൈതൃകമായി സൂക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.