ബെംഗളൂരു : ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്‍റെ (Gaganyaan Mission) ആദ്യ പരീക്ഷണദൗത്യം ഈ മാസം 21 ന് നടക്കുമെന്ന് ഐഎസ്ആർഒ. ദൗത്യത്തിന്‍റെ ഭാഗമായുള്ള ടിവി-ഡി1 ക്ര്യൂ എസ്‌കേപ്പ് സംവിധാനത്തിന്‍റെ ഇൻഫ്ലൈറ്റ് അബോർട്ട് ടെസ്‌റ്റാകും നടക്കുക (Gaganyan First Test Flight- ISRO Scheduled TV-D1 Mission on October 21). അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്‍റെ പ്രാപ്‌തി പരിശോധിക്കലാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് (Satish Dhawan Space Centre) സെന്‍ററിൽ ഒക്ടോബര്‍ 21 ന് രാവിലെ 7 മണിക്കും 9 മണിക്കും ഇടയിൽ ദൗത്യം ആരംഭിക്കുമെന്ന് ഐഎസ്ആർഒ ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു.
ഗഗൻയാന്‍റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് ക്ര്യൂ എസ്‌കേപ്പ് സിസ്‌റ്റം (Crew Escape Systems). യാത്ര റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ തിരികെയെത്തിക്കാനുള്ള സംവിധാനമാണിത്. ഈ സംവിധാനത്തിന്‍റെ ഭാഗമായ നിർണായക പരീക്ഷണ ദൗത്യമാണ് ടിവി-ഡി1. പ്രത്യേക വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിൽ എത്തിക്കുന്ന ടിവി-ഡി1 ക്ര്യൂ എസ്‌കേപ്പ് സിസ്‌റ്റം മൊഡ്യൂൾ തുടർന്ന് ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഇറക്കും. പിന്നീട് മൊഡ്യൂളിനെ സുരക്ഷിതമായി കരയിലെത്തിക്കും.
Also Read: Gaganyaaan | ഗഗൻയാൻ ദൗത്യത്തിന്‍റെ തുറമുഖ പരീക്ഷണം വിശാഖപട്ടണത്ത് നടന്നു; സർവീസ് മൊഡ്യൂൾ പ്രൊപ്പർഷൻ സിസ്‌റ്റം പരീക്ഷണവും വിജയകരം
ഗഗൻയാന് മുൻപ് നാല് അബോർട്ട് മിഷനുകളാണ് ഐഎസ്‌ആർഒ നടത്തുക. ആദ്യത്തേതാണ് ടിവി-ഡി1. എമർജൻസി അബോർട്ട് പരീക്ഷിക്കുന്നതിനായാണ് ടിവി-ഡി1 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡി2, ഡി3, ഡി4 എന്നിങ്ങനെ 3 പരീക്ഷണ ദൗത്യങ്ങൾ കൂടി പിന്നാലെ നടത്തും.
ഒക്ടോബർ ആദ്യവാരം തന്നെ ക്ര്യൂ എസ്‌കേപ്പ് സിസ്‌റ്റം അതിന്‍റെ പരിശോധനകൾ പൂർത്തിയാക്കി വിക്ഷേപണ സമുച്ചയത്തിലേക്ക് എത്തിച്ചിരുന്നു. പാരച്യൂട്ട്, റിക്കവറി എയ്‌ഡ്‌സ് ആക്ച്വേഷൻ സിസ്റ്റങ്ങൾ, പൈറോസ് എന്നിവ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവിഗേഷൻ, സീക്വൻസിങ്, ടെലിമെട്രി, ഇൻസ്ട്രുമെന്‍റേഷൻ, പവർ എന്നിവ ഉറപ്പാക്കാൻ ഉപയോഗിക്കുന്ന ഏവിയോണിക്‌സ് സിസ്റ്റങ്ങൾ ഡ്യുവൽ റിഡൻഡന്‍റ് മോഡ് കോൺഫിഗറേഷനിലുള്ളതാണ്.
Also Read: ഗഗൻയാൻ ദൗത്യം : ക്ര്യൂ മൊഡ്യൂള്‍ പരീക്ഷണങ്ങളുമായി ഐഎസ്ആർഒയും നാവികസേനയും
ആദ്യ പരീക്ഷണം നടന്നത് കൊച്ചിയിൽ : ക്ര്യൂ മൊഡ്യൂൾ റിക്കവറി പ്രവർത്തനത്തിന്‍റെ ആദ്യ പരീക്ഷണം കൊച്ചിയിലെ നാവിക സേനയുടെ ഡബ്ല്യുഎസ്‌ടിഎഫിലാണ് (WSTF, Kochi) നടത്തിയത്. പ്രതികൂല സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിനും പ്രതിസന്ധി തരണം ചെയ്യുന്നതിനുമുള്ള പരിശീലനങ്ങള്‍ നല്‍കുന്ന സംവിധാനമാണിത്. ഇത് റിക്കവറി പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കും. ഇക്കഴിഞ്ഞ ജൂലൈ ആദ്യ വാരമാണ് ഈ പരീക്ഷണം പൂർത്തിയായത്.
ക്ര്യൂ മൊഡ്യൂൾ റിക്കവറി മോക്കപ്പ് വിജയം : ജൂലൈയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള നേവൽ ഡോക്ക്‌യാർഡിൽ ക്ര്യൂ മൊഡ്യൂൾ റിക്കവറിയുമായി ബന്ധപ്പെട്ട തുറമുഖ പരീക്ഷണങ്ങൾ ഐഎസ്‌ആർഒ നടത്തിയിരുന്നു. മനുഷ്യരെ വഹിക്കുന്ന ദൗത്യത്തിന്‍റെ അതേ പിണ്ഡവും, ഗുരുത്വാകർഷണ കേന്ദ്രവും, ബാഹ്യ അളവുകളും, യന്ത്ര ഭാഗങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു ക്ര്യൂ മൊഡ്യൂൾ ഉപയോഗിച്ചാണ് റിക്കവറി മോക്കപ്പ് നടത്തിയത്. ഈ പരീക്ഷണം വിജയമായിരുന്നെന്ന് ഐഎസ്‌ആർഒ അറിയിച്ചിരുന്നു.
Also Read: ഗഗൻയാൻ ദൗത്യം നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി