ശ്രീഹരിക്കോട്ട :ഗഗൻയാൻ (Gaganyaan) ദൗത്യത്തിന്‍റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയം. ഇന്ന് രാവിലെ എട്ട് മണിക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണം ഓട്ടോമാറ്റിക് ലോഞ്ച് സീക്വൻസിലെ (Automatic Launch Sequence) തകരാറിനെ തുടർന്ന് തുടർന്ന് നിർത്തിവച്ചിരുന്നു. പിന്നീട് ഇന്ന് വിക്ഷേപണം നടക്കില്ലെന്നാണ് ഐഎസ്‌ആഒ ചെയർമാൻ എസ് സോമനാഥ് (ISRO Chairman S Somanath) അറിയിച്ചത്. എന്നാൽ, സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതായും പരിഹരിച്ചതായും വിക്ഷേപണം ഇന്ന് തന്നെ നടക്കുമെന്നും മിനിറ്റുകൾക്കുള്ളിൽ ഐഎസ്‌ആർഒ അറിയിക്കുകയായിരുന്നു.
തുടർന്ന് 10 മണിക്ക് തകരാർ പരിഹരിച്ച് വിക്ഷേപണം നടത്തുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ഗഗൻയാൻ ദൗത്യത്തിന്‍റെ സുപ്രധാന ഘട്ടമായ ടെസ്‌റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി-ഡി1) (Test Vehicle Development Flight Mission -1 ) ആണ് ഇന്ന് നടന്നത്. ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്‍റെ (Crew Escape System ) ക്ഷമത പരിശോധിക്കുകയാണ് ആ പരീക്ഷണത്തിന്‍റെ ലക്ഷ്യം.
ഇത് വഴി പേടകത്തിന്‍റെ വേഗത ശബ്‌ദവേഗതയ്‌ക്ക് തുല്യമായി വരുന്ന സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പരാജയം സംഭവിച്ചാൽ അതിൽ നിന്നും ക്രൂ മൊഡ്യൂളിനെ രക്ഷിക്കുകയാണ് ലക്ഷ്യമാക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന്‍റെ നാഴികകല്ലാണ് ഈ പരീക്ഷണെമന്ന് ഇന്ത്യൻ ബഹിരാകാശ ഹവേഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. സിംഗിൾ സ്‌റ്റേജ് ലിക്വിഡ് റോക്കറ്റാണ് (single stage rocket engine) പരീക്ഷണ വാഹനമായി ദൗത്യത്തിൽ ഉപയോഗിച്ചിട്ടുള്ളത്. റോക്കറ്റിൽ ഒരു ക്രൂ മൊഡ്യൂളിന്‍റെ മാതൃകയും ക്രൂ എസ്‌കേപ്പ് സിസ്‌റ്റവുമാണ് അടങ്ങിയിട്ടുള്ളത്.