വിജയം പങ്കുവെച്ച് എസ് സോമനാഥ് ശ്രീഹരിക്കോട്ട : ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്‍റെ ടെസ്‌റ്റ് വെഹിക്കിൾ വിക്ഷേപണം വിജയകരമെന്ന് ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ്. ഒൻപത് മിനിറ്റ് 51 സെക്കന്‍റിലാണ് വിക്ഷേപണം വിജയം കണ്ടതെന്ന് ഐഎസ്‌ആർഒ ചെയർമാൻ അറിയിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് ഇന്ന് 10 മണിക്കാണ് വിക്ഷേപണം നടന്നത്.
ടെസ്‌റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി-ഡി1) എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തിൽ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്‍റെ (Crew Escape System ) ക്ഷമതയാണ് പരിശോധിക്കുന്നത്. ശബ്‌ദത്തിന്‍റെ വേഗതയിലാണ് പേടകം പറന്നുയർന്നത്. ശേഷം വേഗത കൂട്ടിയപ്പോൾ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന് മിഷൻ റദ്ദാക്കിയതായി അറിയിപ്പ് നൽകുകയും ക്രൂ എസ്‌കേപ്പ് സിസ്റ്റം ക്രൂ മൊഡ്യൂളിനെ വാഹനത്തിൽ നിന്ന് വേർപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ക്രൂ മോഡ്യൂളിന്‍റെ ആദ്യ പാരച്യൂട്ടുകൾ വിരിഞ്ഞു. ഇത്തരത്തിൽ മൂന്ന് പാരച്യൂട്ടുകൾ കരയിൽ നിന്നും 10 കിലോ മീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ വീണു. നാവികസേന ക്രുൂ മൊഡ്യൂൾ സുരക്ഷിതമായി കരയിലെത്തിച്ചതായും ഐഎസ്‌ആർഒ ചെയർമാൻ അറിയിച്ചു.
ഇന്ന് രാവിലെ എട്ട് മണിക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവച്ചിരുന്നു. പിന്നീട് പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷമാണ് 10 മണിയോടെ വിക്ഷേപണം വീണ്ടും നടത്തിയത്.
അഭിനന്ദനങ്ങൾ അറിയിച്ച് കേന്ദ്ര മന്ത്രിമാർ : ഗഗൻയാൻ ദൗത്യത്തിന്‍റെ അവസാന ഘട്ടത്തിലെ ആദ്യ പടിയായിരുന്നു ഇന്നത്തെ പരീക്ഷണ പറക്കലെന്ന് കേന്ദ്ര മന്ത്രി ഡോ ജിതേന്ദ്ര സിങ് (Dr Jitendra Singh) പറഞ്ഞു. ഇനിയും കൂടുതർ പരീക്ഷണങ്ങൾ നടത്തും. ഏറ്റവും പ്രധാനപ്പെട്ടത് ക്രൂ എസ്‌കേപ്പ് സംവിധാനമാണ് ഇന്ന് പരീക്ഷിക്കപ്പെട്ടത്. മറ്റ് രാജ്യങ്ങൾക്ക് പോലും മാതൃകയാകുന്ന നിലയിലേക്ക് ഇന്ത്യ ഉയർന്നിരിക്കുന്നു. ചന്ദ്രയാൻ 3 ന്‍റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം രാജ്യം അടുത്ത മുന്നേറ്റത്തിന് തയ്യാറായിരിക്കുന്നതായും ജിതേന്ദ്ര സിങ് പറഞ്ഞു.
അതേസമയം, രാജ്യത്തിന്‍റെ ശ്രദ്ധേയമായ ഈ പരീക്ഷണ ദൗത്യം വിജയകരമായ സുപ്രധാന അവസരത്തിൽ ശാസ്‌ത്രജ്‌ഞർക്കും രാജ്യത്തെ പൗരന്മാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Sha) എക്‌സിൽ കുറിച്ചിരുന്നു.
Also Read :Gaganyaan TV-D1 Mission Will Launch: ഗഗൻയാൻ ആദ്യ പരീക്ഷണം വിജയം