ബെംഗളുരു :ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം "ഗഗൻയാൻ" പദ്ധതിയ്‌ക്കായി ക്രയോജനിക് എഞ്ചിന്‍റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐ.എസ്.ആർ.ഒ. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിലാണ് ബുധനാഴ്‌ച 720 സെക്കൻഡ് ദൈർഘ്യത്തിൽ എഞ്ചിൻ പരീക്ഷണം നടത്തിയത്.
പരീക്ഷണം വിജയകരമായിരുന്നുവെന്നും എഞ്ചിന്‍റെ സ്വഭാവം പ്രവചിച്ചിരുന്നത് പോലെയായിരുന്നുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ദൈർഘ്യമേറിയ പരീക്ഷണം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ഗഗൻയാൻ പദ്ധതിയുടെ പ്രധാന നാഴികക്കല്ലാണ്. ഇത് പദ്ധതിയിൽ ഗഗൻയാൻ എഞ്ചിന്‍റെ വിശ്വാസ്യത വർധിപ്പിച്ചെന്ന് ഐ.എസ്.ആർ.ഒ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.