ബെംഗളൂരു : ഇന്ത്യക്കാരെ ചന്ദ്രനിലിറക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ (Gaganyaan Mission) മുന്നോടിയായി ആളില്ലാപര്യവേഷണ പേടകത്തിന്റെ പരീക്ഷണ പറക്കലിന് (unmanned flight test for Gaganyaan) ഒരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (Indian Space Research Organisation ). ദൗത്യത്തിന്റെ ഭാഗമായുള്ള ക്ര്യൂ എസ്കേപ്പ് സംവിധാനത്തിന്റെ ഇൻഫ്ലൈറ്റ് അബോർട്ട് ടെസ്റ്റ് ഈ മാസം നടത്തുമെന്ന് ഐഎസ്ആർഒ (ISRO) അറിയിച്ചു. അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്റെ പ്രാപ്തി പരിശോധിക്കുകയാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഗഗൻയാന്റെ സുപ്രധാന ഘടകങ്ങളിലൊന്നായ ക്ര്യൂ എസ്കേപ്പ് സിസ്റ്റം (Crew Escape Systems) അതിന്റെ പരിശോധനകൾ പൂർത്തിയാക്കി വിക്ഷേപണ സമുച്ചയത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് ഐഎസ്ആർഒ. പാരച്യൂട്ട്, റിക്കവറി എയ്ഡ്സ് ആക്ച്വേഷൻ സിസ്റ്റങ്ങൾ, പൈറോസ് എന്നിവ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവിഗേഷൻ, സീക്വൻസിംഗ്, ടെലിമെട്രി, ഇൻസ്ട്രുമെന്റേഷൻ, പവർ എന്നിവ ഉറപ്പാക്കാൻ ഉപയോഗിക്കുന്ന ഏവിയോണിക്സ് സിസ്റ്റങ്ങൾ ഡ്യുവൽ റിഡൻഡന്റ് മോഡ് കോൺഫിഗറേഷനിലുള്ളതാണ്.
ഗഗൻയാന് മുൻപ് നാല് അബോർട്ട് മിഷനുകളാണ് ഐഎസ്ആർഒ നടത്തുക. ആദ്യത്തേതാണ് ടിവി-ഡി1( Flight Test Vehicle Abort Mission-1). എമർജൻസി അബോർട്ട് പരീക്ഷിക്കുന്നതിനായാണ് ടിവി-ഡി1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. പിന്നാലെ ടിവി-ഡി2 വും വിക്ഷേപിക്കും. 2024 ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കുകയാണ് ഗഗൻയാനിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.