ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്):മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാന്‍ ഹ്യൂമണ്‍ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്‍റെ (Gaganyaan Human Space Flight Programme) ക്രൂ മൊഡ്യൂള്‍ ടെസ്‌റ്റ് (Crew Module Test) ശനിയാഴ്‌ച (21.10.2023) നടക്കും. ഐഎസ്‌ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിലാണ് ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ആദ്യ ക്രൂ മൊഡ്യൂള്‍ ടെസ്‌റ്റ് നടക്കുക. ടെസ്‌റ്റ് ലോഞ്ചിനുള്ള സിംഗിള്‍ സ്‌റ്റേജ് ലിക്വിഡ് റോക്കറ്റ് (TV-D1) ഇതിനായി തയ്യാറാണെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
മാത്രമല്ല പരീക്ഷണ വിക്ഷേപണം നാളെ (21.10.2023) രാവിലെ 7.30 മുതല്‍ തത്സമയം കാണാനാകുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചിട്ടുണ്ട്. അതേസമയം മനുഷ്യനെ ബഹിരാകാശത്തേക്ക്, അഥവാ 400 കിലോമീറ്റര്‍ അകലെയുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മൂന്ന് ദിവസത്തേക്ക് കൊണ്ടുപോയി തിരികെ സുരക്ഷിതമായി ഭൂമിയിലെത്തിക്കാനാണ് ഗഗന്‍യാന്‍ ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്.
എന്താണ് ക്രൂ മൊഡ്യൂള്‍:പര്യവേക്ഷണ വാഹനമായ (TV-D1) ലെ ക്രൂ മൊഡ്യൂള്‍ സിസ്‌റ്റം എന്നത് മനുഷ്യ വാസയോഗ്യമായ ഇടമാണ്. ഇത് സഞ്ചാരികളുടെ സുരക്ഷയ്‌ക്കും നിലനില്‍പ്പിനുമായി ബഹിരാകാശത്തും ഭൂമിക്ക് സമാനമായ അന്തരീക്ഷം സൃഷ്‌ടിക്കും. ഇതെല്ലാം കൊണ്ടുതന്നെ ക്രൂ മൊഡ്യൂളുമായുള്ള പര്യവേക്ഷണ വാഹനത്തിന്‍റെ പരീക്ഷണ പറക്കല്‍ ഗഗന്‍യാന്‍ പദ്ധതിയില്‍ സുപ്രധാനവുമാണ്.
വെറും പരീക്ഷണമല്ല, ഏതാണ്ട് യഥാര്‍ത്ഥ പറക്കല്‍: നിലവില്‍ പരീക്ഷണ വിക്ഷേപണത്തിനായും ഏതാണ്ട് പൂര്‍ണമായ സിസ്റ്റം തന്നെയാണ് സംയോജിപ്പിച്ചിട്ടുള്ളത്. അതായത് പരീക്ഷണ വിക്ഷേപണത്തിനൊരുങ്ങുന്ന ക്രൂ മൊഡ്യൂള്‍ പതിപ്പിന്, ഗഗന്‍യാന്‍ പദ്ധതിയിലെ യഥാര്‍ത്ഥ ക്രൂ മൊഡ്യൂളിന്‍റെ വലിപ്പവും പിണ്ഡവും തന്നെയാണുള്ളത്. മാത്രമല്ല വേഗത കുറയ്‌ക്കുന്നതിനും വീണ്ടെടുക്കുന്നതിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും അതില്‍ ഒരുക്കിയിട്ടുണ്ട്.
പാരച്യൂട്ടുകളുടെ സമ്പൂര്‍ണ സെറ്റ്, റിക്കവറി എയ്‌ഡ് ആക്‌ച്വേഷന്‍ സിസ്‌റ്റം, പൈറോകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ സജ്ജമാണ്. കൂടാതെ ക്രൂ മൊഡ്യൂളിലെ ഏവിയോണിക്‌സ് സിസ്‌റ്റങ്ങള്‍ നാവിഗേഷന്‍, സീക്വന്‍സിങ്, ടെലിമെട്രി, ഇന്‍സ്‌ട്രുമെന്‍റേഷന്‍, പവര്‍ എന്നിവയ്‌ക്കായുള്ള ഡുവല്‍ റിഡന്‍ഡന്‍റ് മോഡ് കോണ്‍ഫിഗറേഷനിലാണുള്ളതെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
പരീക്ഷണം കൊണ്ടുള്ള ഗുണങ്ങള്‍: ഈ ദൗത്യത്തിലെ ക്രൂ മൊഡ്യൂളിന്‍റെ പ്രവര്‍ത്തനം വഴി ഫ്ലൈറ്റ് ഡാറ്റ ക്യാപ്‌ചർ ചെയ്യുന്നതിനും മറ്റ് വിവിധ ദൗത്യ സംവിധാനങ്ങളുടെ പ്രകടനം വിലയിരുത്താനാവുമെന്നുമാണ് കരുതുന്നത്. മാത്രമല്ല പരീക്ഷണ വിക്ഷേപണത്തിന്‍റെ വിജയത്തിലൂടെ അടുത്ത യോഗ്യത പരിശോധനകള്‍ക്കും ആളില്ലാ ദൗത്യങ്ങള്‍ക്കും കളമൊരുങ്ങുമെന്നും അതുവഴി ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരികെ എത്തുന്നത് ഇങ്ങനെ:പരീക്ഷണ വിക്ഷേപണം പ്രതീക്ഷിച്ചതുപോലെ വിജയമായാല്‍, ടെസ്‌റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ നിരപ്പില്‍ നിന്ന് 17 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ക്രൂ എസ്‌കേപ്പ് സിസ്‌റ്റത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ ശ്രീഹരിക്കോട്ടയുടെ കിഴക്കൻ തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെയായി ഇത് സുരക്ഷിതമായി വന്നുചേരും. ഈ സമയം ദൗത്യത്തിനായി തയ്യാറായിട്ടുള്ള ഇന്ത്യന്‍ നാവികസേനയുടെ കപ്പലും നീന്തല്‍ വിദഗ്‌ധരും ചേര്‍ന്ന് ക്രൂ മൊഡ്യൂളിനെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീണ്ടെടുക്കുകയും ചെയ്യും. അതേസമയം ഗഗൻയാൻ ദൗത്യത്തിന് കീഴിലുള്ള ആദ്യത്തെ ഡെവലപ്‌മെന്‍റ് ഫ്ലൈറ്റ് ടെസ്‌റ്റ് വെഹിക്കിളാണ് പരീക്ഷണ വിക്ഷേപണത്തിനൊരുങ്ങുന്ന ടിവി-ഡി1(TV-D1).