പ്രേക്ഷകര്‍ ഈ ഓഗസ്‌റ്റ് മാസത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ബോളിവുഡ് ചിത്രങ്ങളാണ് സണ്ണി ഡിയോളിന്‍റെ 'ഗദർ 2'വും, അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2'വും. നാളെയാണ് (ഓഗസ്‌റ്റ് 11ന്) ഇരു ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തുന്നത്.
രാജ്യവ്യാപകമായി 3500ലധികം സ്‌ക്രീനുകളിലാണ് അനിൽ ശർമ സംവിധാനം ചെയ്‌ത ഗദർ 2 റിലീസ് ചെയ്യുക. റിലീസിന് രണ്ടാഴ്‌ച മുമ്പ് തന്നെ സിനിമയുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരുന്നു.
അതേസമയം രാജ്യവ്യാപകമായി 1500ലധികം സ്‌ക്രീനുകളിലാണ് 'ഓ മൈ ഗോഡ് 2' റിലീസിനെത്തുന്നത്. ഇരുചിത്രങ്ങളിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ്. അക്ഷയ് കുമാർ നായകനാകുന്ന 'ഓ മൈ ഗോഡ് 2' സെന്‍സറിങ് പൂര്‍ത്തിയാക്കിയെങ്കിലും ചിത്രത്തില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയിരുന്നു. 2 മണിക്കൂർ 36 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചത്.
ഓഗസ്‌റ്റ് 9ന് രാത്രി 9 മണിവരെ ഗദർ 2 ഏകദേശം 3,55,000 ടിക്കറ്റുകള്‍ വിറ്റഴിച്ചു. ഇതില്‍ നിന്നും ഏകദേശം 9 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. മൂന്ന് ദേശീയ ശൃംഖലകളില്‍ നിന്നും ഏകദേശം 1,40,000 ടിക്കറ്റുകളും വിറ്റു. ആദ്യ ദിവസം 60,000 ടിക്കറ്റുകളുമായി പിവിആര്‍ ആണ് മുന്നിൽ. ബോക്‌സോഫിസിൽ 'ഗദർ 2' ഒരു ബ്ലോക്ക്ബസ്‌റ്റര്‍ ഓപ്പണിങ് ആകുമെന്നാണ് കണക്കുക്കൂട്ടല്‍.
റിലീസിന് ഒരു ദിനം ബാക്കി നില്‍ക്കെ, ഗദർ 2ന് ഏകദേശം 40 കോടി രൂപയുടെ നെറ്റ് ഓപ്പണിങ് ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം 'ഓ മൈ ഗോഡ് 2'ന് ഏഴ് കോടി രൂപയുടെ നെറ്റ് ഓപ്പണിങ് ആയിരിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഇത് 9 കോടി മുതല്‍ 10 കോടി വരെ എത്താൻ സാധ്യതയുണ്ട്. 'ഓ മൈ ഗോഡ് 2'ന്, ഓഗസ്‌റ്റ് 9ന് രാത്രി 9 മണി വരെ 1.50 കോടിയുടെ ടിക്കറ്റ് വിൽപ്പനയാണ് ഉണ്ടായത്. അതായത് 46,500 ടിക്കറ്റുകൾ വിറ്റഴിച്ചു. മൂന്ന് ദേശീയ ശൃംഖലകളിലായി (PVR, INOX, Cinepolis) ഏകദേശം 29,000 ടിക്കറ്റുകളും വിറ്റു.
അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാർ കേന്ദ്രകഥാപാത്രത്തില്‍ എത്തുമ്പോള്‍ പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയില്‍ ഭഗവാന്‍ ശിവന്‍ ആയല്ല അക്ഷയ് കുമാര്‍ എത്തുന്നത്, ശിവന്‍റെ ഒരു ദൂതനായാണ് താരത്തിന്‍റെ കഥാപാത്രം ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നത്.
കാന്തിയുടെ കുടുംബത്തിന് ഒരു വലിയ ദുരന്തം നേരിടേണ്ടി വരുമ്പോള്‍ അവരെ സഹായിക്കാനായി എത്തുന്ന ഭഗവാന്‍ ശിവന്‍റെ ദൂതനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്. ശിവ ഭക്തനായ കാന്തി ശരണ്‍ മുദ്‌ഗലിന്‍റെ വേഷമാണ് സിനിമയില്‍ പങ്കജ് ത്രിപാഠി അവതരിപ്പിക്കുന്നത്.
Also Read:ശിവന്‍ അല്ല, ശിവന്‍റെ ദൂതനായി അക്ഷയ് കുമാര്‍; കോടതി മുറിയില്‍ വാദിച്ച് പങ്കജ് ത്രിപാഠി; ഓ മൈ ഗോഡ് 2 ട്രെയിലര്‍ പുറത്ത്