ന്യൂഡൽഹി:ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കം. ഉച്ചകോടി നടക്കുന്നത് ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ലോക നേതാക്കൻമാരും ഭാരത് മണ്ഡപത്തിലെത്തി.
പതിനെട്ടാമത് ജി 20 ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം ഒരു ഭൂമി എന്ന വിഷയത്തില്‍ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ഒരു കുടുംബം എന്ന വിഷയത്തിലും നാളെ (ഞായറാഴ്‌ച) ഭാവിയെ കുറിച്ചുള്ള വിഷയങ്ങളിലും ചർച്ചകൾ നടക്കും. ആഫ്രിക്കൻ യൂണിയനെ ജി 20യില്‍ ഉൾപ്പെടുത്തുന്ന കാര്യം, റഷ്യ-യുക്രൈൻ യുദ്ധം എന്നിവ ഉച്ചകോടിയില്‍ പ്രധാന ചർച്ചകളാണ്.
ജി 20 രാജ്യങ്ങൾ ക്ഷണിക്കപ്പെട്ട എട്ട് രാജ്യങ്ങൾ, 14 അന്താരാഷ്ട്ര സംഘടന തലവൻമാർ എന്നിവർ ഉച്ചകോടിയില്‍ വിവിധ ചർച്ചകളില്‍ പങ്കെടുക്കും. ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നതാണ് ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയുടെ പ്രധാന പ്രമേയം. ഇന്ത്യയില്‍ 60 ഇടങ്ങളിലായി നടന്ന 220 ഓളം യോഗങ്ങളുടെ സമാപനം കൂടിയാണ് ഉച്ചകോടി. ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥ വ്യതിയാനം, കൊവിഡ് ആഘാതം, ഭക്ഷ്യവിതരണ ശൃംഖല തുടങ്ങിയ വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും.