ന്യൂഡൽഹി:കനത്ത മഴയ്‌ക്ക് പിന്നാലെ ജി20 ഉച്ചകോടിയുടെ വേദിയായ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെള്ളം കയറി (G20 Summit Bharat Mandapan flooded). കോടികൾ ചിലവിട്ട് നിർമിച്ച ഭാരത് മണ്ഡപത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആയുധമാക്കുകയാണ് പ്രതിപക്ഷം (congress lashed out at government). വെള്ളത്തിനടിയിലായ ഭാരത് മണ്ഡപത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു.
സംഭവത്തില്‍ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും രംഗത്തെത്തി. ജി20 ഉച്ചകോടിയിലേക്ക് തങ്ങളുടെ നേതാവായ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തതിൽ നീരസത്തിലായിരുന്ന കോൺഗ്രസ് പാർട്ടി കേന്ദ്രത്തിനെതിരെ ഈ വിഷയം ആയുധമാക്കുകയാണ്.
ഡൽഹിയിൽ രണ്ട് ദിവസം തുടർച്ചയായി കനത്ത മഴയാണ് ലഭിക്കുന്നത്. മഴയെ തുടർന്ന് ഭാരത് മണ്ഡപത്തിന് മുന്നില്‍ വെള്ളം കെട്ടികിടക്കുന്നതും മോട്ടര്‍ ഉപയോഗിച്ച് വെള്ളം നീക്കുന്നതും അടക്കമുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബിവി രംഗത്തെത്തി.
വെള്ളപ്പൊക്കമുണ്ടായ സ്ഥലത്തിന്‍റെയും വെള്ളം നീക്കാൻ പരിശ്രമിക്കുന്ന ആളുകളുടെയും ചിത്രങ്ങൾ സഹിതം എക്‌സിൽ പങ്കുവച്ചാണ് ശ്രീനിവാസ് ബിവി കേന്ദ്രത്തെ പരിഹസിച്ചത്. സർക്കാരിന്‍റെ വികസന വാഗ്‌ദാനങ്ങളും 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്ന പാർട്ടി മുദ്രാവാക്യവും സൂചിപ്പിച്ചുകൊണ്ട്, 'കോടിക്കണക്കിന് രൂപ ചിലവഴിച്ച് ജി20 അംഗങ്ങൾക്ക് ആതിഥ്യമരുളാൻ നിർമിച്ച 'ഭാരത് മണ്ഡപത്തിന്‍റെ' ചിത്രങ്ങൾ....തീർച്ചയായും പുരോഗതി കൈവരിക്കുകയാണ്' എന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് കുറിച്ചത്.