ന്യൂഡല്‍ഹി: ലോകം ഉറ്റുനോക്കുന്ന ജി20 ഉച്ചകോടിക്കായി (G20 Summit) രാജ്യതലസ്ഥാനമൊരുങ്ങി. യോഗത്തെ വ്യത്യസ്‌തമാക്കുന്നതാവട്ടെ ലോകത്തെ സ്വാധീനിക്കുന്ന നേതാക്കളുടെ വലിയൊരു നിര ഒത്തുക്കൂടുന്നു എന്നതും. ലോകനേതാക്കളുടെ (Global Leaders) പരസ്‌പര കൂടിക്കാഴ്‌ച എന്നതിലുപരി ഭൂരാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ (Geopolitical Issues), സാമ്പത്തിക മാന്ദ്യം, ഊര്‍ജ- ഭക്ഷ്യ മേഖലയിലെ വിലക്കയറ്റം തുടങ്ങിയവയും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും (Joe Biden), ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനകുമെല്ലാം (Rishi Sunak) നേരിട്ടെത്തുമെന്ന വാര്‍ത്തകളെത്തിയതോടെ തന്നെ ജി20 യിലേക്ക് (G20) ആഗോള ശ്രദ്ധയെത്തിക്കഴിഞ്ഞു. ഇവരെ കൂടാതെ മറ്റ് രാഷ്‌ട്ര തലവന്മാരും പ്രതിനിധി സംഘങ്ങളും ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തുന്നുണ്ട്.
ആരെല്ലാം എത്തും: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഉച്ചകോടിക്കായി നേരിട്ടെത്തുമെന്ന വാര്‍ത്തകള്‍ മുമ്പ് തന്നെ എത്തിയിരുന്നു. ഐടിസി മൗര്യ ഷെരാട്ടണ്‍ ഹോട്ടലിലാണ് (ITC Maurya Sheraton Hotel) ബൈഡന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സുരക്ഷ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍റെ സീക്രട്ട് സര്‍വീസ് കമാന്‍ഡോകളെ ആഡംബര ഹോട്ടലിന്‍റെ ഓരോ നിലകളിലും വിന്യസിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ബൈഡന്‍റെ വരവും ജി20 യും:യുക്രെയ്‌നിലെ യുദ്ധം വരുത്തിയ സാമൂഹിക പ്രത്യാഘാതങ്ങൾ, ക്ലീന്‍ എനര്‍ജിയിലേക്കുള്ള അനിവാര്യമായ മാറ്റം, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ബഹുമുഖ ധനകാര്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക ചർച്ചകൾ ഉൾപ്പടെയുള്ള അജണ്ടയുമായാണ് അദ്ദേഹം ന്യൂഡൽഹിയിലെത്തുക. മാത്രമല്ല ഉച്ചകോടിക്കിടയിലായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം ഉഭയ കക്ഷി ചര്‍ച്ച നടത്തും.
സുനകിന്‍റെ ഇന്ത്യ സന്ദര്‍ശനം:ജി20 ക്കായി ഇന്ത്യയിലെത്തുന്ന മറ്റൊരു നിര്‍ണായക സാന്നിധ്യമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യ പര്യടനം കൂടിയാണിത്. അദ്ദേഹത്തിന്‍റെ സാന്നിധ്യം യുകെയും ഇന്ത്യയുമായുള്ള ബന്ധത്തിന്‍റെ പ്രാധാന്യത്തെയും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നുണ്ട്.
വേദിയില്‍ ജപ്പാനും കാനഡയും: നിലവിൽ ജി 7 രാജ്യങ്ങളുടെ ചെയർമാനായ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ഉച്ചകോടിക്കായി എത്തുന്നുണ്ട്. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യയുടെ പങ്കിനെ അപലപിക്കുന്ന ചർച്ചകളാണ് അദ്ദേഹം നയിക്കാൻ ഒരുങ്ങുന്നത്. ഈ ഉറച്ച നിലപാട് ഉച്ചകോടിയുടെ തന്നെ പ്രധാന ഹൈലൈറ്റാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ആസിയാൻ ഉച്ചകോടിയിൽ (ASEAN Summit) പങ്കെടുത്ത ശേഷം ഇന്തോനേഷ്യയിൽ നിന്നുമെത്തുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ സാന്നിധ്യവും ജി20 യില്‍ നിര്‍ണായകമാവും. അദ്ദേഹത്തിന്‍റെ വരവ് സമ്മര്‍ദ്ദങ്ങളുയര്‍ത്തുന്ന വിഷയങ്ങളിലും ആഗോള സഹകരണത്തിനുള്ള കാനഡയുടെ പ്രതിബദ്ധതയും ഉറപ്പിക്കും.
വേദിയില്‍ ഇവരും: ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കളില്‍ ഉള്‍പ്പെടുന്നു. യോഗത്തിലെ സാന്നിധ്യം എന്നതിലുപരി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകളും നടത്തും. ഇന്തോനേഷ്യ, ഫിലിപ്പീൻസ് പര്യടനം കഴിഞ്ഞ ശേഷം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസും ജി20 വേദിയിലെത്തും.
റഷ്യയുടെയും ചൈനയുടെയും പരസ്യമായ അഭാവത്തിലും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ജി20 ഉച്ചക്കോടിക്കായി ഇന്ത്യയിലെത്തും. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സുക് യോളും ഉച്ചകോടിക്കായി തലസ്ഥാനത്തെത്തുന്നുണ്ട്. ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുയരുന്ന ആണവ ഭീഷണികളും മിസൈല്‍ പ്രകോപനങ്ങള്‍ക്കുമെതിരെ ലോകരാജ്യങ്ങളുടെ കൂട്ടായ പ്രതികരണം തേടുകയാവും അദ്ദേഹത്തിന്‍റെയും അജണ്ട. ഇവരെ കൂടാതെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസ, തുര്‍ക്കി പ്രസിഡന്‍റ് റസപ് ത്വയ്യിബ് എര്‍ദോഗാന്‍ എന്നിവരും അതാത് രാഷ്‌ട്രങ്ങളെ പ്രതിനിധീകരിച്ച് ജി20 വേദിയിലെത്തും.
അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നവര്‍: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ ശ്രദ്ധേയമാവുന്ന അഭാവം ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്‌പിങിന്‍റേത് തന്നെയാവും. അതേസമയം അദ്ദേഹത്തിന് പകരക്കാരനായി സ്‌റ്റേറ്റ് കൗണ്‍സിലിലെ ചൈനീസ് പ്രീമിയര്‍ ലി കിയാങും പ്രതിനിധി സംഘവുമെത്തുമെങ്കിലും ജിങ്പിങിന്‍റെ അഭാവം വലുതായിരിക്കും. മാത്രമല്ല 2008 ല്‍ ജി20 രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്‍റിന് ഉച്ചകോടി നഷ്‌ടമാകുന്നത്.
പുടിന്‍ വരേണ്ടതായിരുന്നു, പക്ഷെ:ഇതിനൊപ്പം തന്നെ ശ്രദ്ധേയമാവുന്ന ഒന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ അസാന്നിധ്യവും. യുക്രെയ്‌നിലെ യുദ്ധവുമായി ബന്ധപ്പെട്ടുള്ള യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ICC) പുടിനെതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ അദ്ദേഹം വിദേശയാത്ര നടത്തിയാൽ അറസ്‌റ്റ് ചെയ്യപ്പെടാനുള്ള സാധ്യത മനസിലാക്കിയാണ് പുടിന്‍ യാത്ര ഒഴിവാക്കിയത്. പകരം റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വേദിയിലുണ്ടാവും.
ഇതിനൊപ്പം തന്നെ അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ച സ്പെയിൻ പ്രസിഡന്‍റ് പെഡ്രോ സാഞ്ചസിനും ജി20 ഉച്ചകോടി നഷ്‌ടമാവും. അതേസമയം മെക്സിക്കോ പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
വേദിയില്‍ ക്ഷണപ്രകാരമെത്തുന്ന അതിഥികളും: പ്രധാനികളായ ചില നേതാക്കളുടെ നേരിട്ടുള്ള അഭാവത്തിലും ക്ഷണിക്കപ്പെട്ട അതിഥികളായി ചിലരെത്തുമെന്നതും ഇത്തവണത്തെ ജി20യുടെ പ്രത്യേകതയാണ്. ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ജി20 ല്‍ അംഗത്വമില്ലാത്ത ഈ രാജ്യങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയിലെത്തുന്നത്. ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്, നൈജീരിയ, ഈജിപ്‌ത്, മൗറീഷ്യസ്, ഒമാന്‍, സിംഗപൂര്‍, സ്‌പെയിന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇവരെ കൂടാതെ ഐക്യരാഷ്‌ട്രസഭ, ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്‌ട്ര സംഘടനകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യ ഒരുക്കുന്ന ജി20 വേദിയിലെത്തും.