ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. സാഹചര്യങ്ങൾ മുൻകൂട്ടി കാണുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. ശ്മശാനങ്ങള്‍, ഖബർസ്ഥാന്‍ എന്നിങ്ങനെ രണ്ട് വാഗ്ദാനങ്ങളാണ് കേന്ദ്രം നടപ്പാക്കിയതെന്ന് രാഹുൽഗാന്ധി ട്വീറ്റിലൂടെ പരിഹസിച്ചു. ഇത് മോദി ഉണ്ടാക്കിയ ദുരന്തമാണെന്നും രാഹുല്‍ കുറിച്ചു.
പൊതുമേഖല സ്ഥാപനങ്ങളെ ഉപയോഗിച്ച് കൊവാക്സിന്‍റെ ഉത്പാദനം പത്തിരട്ടിയാക്കാൻ ഇന്നലെയാണ് കേന്ദ്രം തീരുമാനിച്ചത്. ഇതിനുള്ള നടപടി നേരത്തെ സ്വീകരിക്കാത്തതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പ്രതിദിന കേസുകൾ രണ്ടേ കാൽ ലക്ഷം കടന്നതോടെ ഓക്സിജനും വാക്സിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. വാക്സിൻ കരാർ നൽകുന്നതിൽ കേന്ദ്രം വരുത്തിയ കാലതാമസമാണ് പ്രതിസന്ധിക്ക് ഇടയായത്. അന്തിമ അനുമതിക്ക് മുമ്പുതന്നെ കരാറിന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച വന്നു. ഇതുവരെ ആറര കോടി വാക്സിൻ കയറ്റുമതി ചെയ്ത ഇന്ത്യ ഇത് നിർത്തി വച്ച് ഇറക്കുമതിയിലേക്ക് തിരിയുകയാണെന്നും കഴിഞ്ഞദിവസം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന കാഴ്ച സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ലോകത്ത് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് ശതമാനവും ഇന്ത്യയിലാണ്. സംസ്ഥാനങ്ങളിൽ പ്രാദേശികമായി ഏർപ്പെടുത്തിയ കർഫ്യൂ സമ്പൂർണ ലോക്ക്ഡൗണാകുമോ എന്ന ആശങ്കയിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.