ലഖ്‌നൗ :ഉത്തർപ്രദേശിൽ വ്യോമസേന വിമാനത്തിന്‍റെ ഇന്ധന ടാങ്കുകൾ വയലിലേയ്‌ക്ക് വീണത് (Fuel Tanks Fell From IAF Plane) ആശങ്ക പരത്തി. ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയർഫോഴ്‌സ് (Bakshi Ka Talab Air Force ) സ്‌റ്റേഷൻ പരിസരത്ത് ഇന്നലെയാണ് (25.10.2023) ടാങ്കുകൾ നിലം പതിച്ചത്. സ്‌ഫോടനം വരെ സംഭവിക്കാവുന്ന സാഹചര്യമായിരുന്നെങ്കിലും ആളപായം ഒഴിവായി. ജനവാസമേഖലയിൽ നിന്നും 200 മീറ്റർ അകലെയാണ് അപകടം നടന്നത്.
എയർഫോഴ്‌സ് ബേസ് സ്‌റ്റേഷനിലെ റോബോട്ടിക് വിമാനത്തിന്‍റെ സ്ഥിരം പരിശീലനത്തിനിടെ സിസ്‌റ്റത്തിലുണ്ടായ തകരാർ മൂലമാണ് അപകടം നടന്നത്. ഇന്ധന ടാങ്കുകൾ വീണ വയലിൽ ആരും തന്നെ ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്നും അപകടത്തിൽ ആർക്കും ഒരു തരത്തിലുമുള്ള അപായം സംഭവിച്ചിട്ടില്ലെന്നും വ്യോമസേന പ്രസ്‌താവനയിലൂടെ അറിയിച്ചു. ആദ്യമായാണ് ബക്ഷി കാ തലാബ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ ഇത്തരമൊരു അപകടം റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തതായും കേടുപാടുകൾ സംഭവിച്ച ടാങ്കുകൾ സിവിൽ പൊലീസുമായി സഹകരിച്ച് ഇന്ത്യൻ എയർഫോഴ്‌സിന്‍റെ തെരച്ചിൽ സംഘം വീണ്ടെടുത്തതായും വ്യോമസേന അറിയിച്ചു. ഗാസിപൂർ ഗ്രാമത്തിൽ വിമാനം പറക്കുന്നതിനിടെ ഇന്ധന ടാങ്കുകൾ വലിയ ശബ്‌ദത്തോടെ വയലിൽ വീഴുന്നത് നാട്ടുകാരാണ് കണ്ടത്. ശേഷം ടാങ്ക് തകർന്ന് വയലിൽ ഇന്ധനം പടരുന്നതായി കണ്ടതോടെ പരിഭ്രാന്തരായതായി നാട്ടുകാർ പറഞ്ഞു. ശേഷം പൊലീസും വ്യോമസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി.