ഭോപ്പാൽ:രാജ്യത്തുടനീളം ഇന്ധന വില കുതിച്ചുയരുന്നതിനിടെ മധ്യപ്രദേശിൽ പെട്രോൾ റെക്കോഡ് വിലയിലേക്കെത്തി. മധ്യപ്രദേശിലെ അൻപുർ ജില്ലയിൽ പെട്രോൾ ലിറ്ററിന് 113.10 രൂപയും ഡീസലിന് 101.35 രൂപയുമാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും ഏറ്റവും ഉയർന്ന വിലയാണിത്.
സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ വർധനയുണ്ടായിട്ടുണ്ട്. തലസ്ഥാന നഗരമായ ഭോപ്പാലിൽ പെട്രോളിന് 110.27 രൂപയും ഡീസലിന് ലിറ്ററിന് 98.72 രൂപയുമാണ്. മധ്യപ്രദേശിൽ പെട്രോളിന് 33 ശതമാനം നികുതിയാണ് ചുമത്തുന്നത്. കൂടാതെ സെസ്സും ഈടാക്കുന്നുണ്ട്. നിലവിൽ പെട്രോളിന് ലിറ്ററിന് 4.50 രൂപയാണ് സെസ്സ് ലഭിക്കുന്നത്. ഡീസലിന് സംസ്ഥാനത്ത് 23 ശതമാനമാണ് നികുതി.