കൊച്ചി :രാജ്യത്ത് ഇന്ധന വില ബുധനാഴ്ചയും കൂടും. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന സാചര്യത്തിലാണിതെന്നാണ് വിശദീകരണം. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും ഉയരാനാണ് സാധ്യത. ചൊവ്വാഴ്ച (22.03.2022) ഇന്ധനവില കൂടിയിരുന്നു. പെട്രോളിന് 80 പൈസയും ഡീസലിന് 85 പൈസയുമായിരുന്നു വര്‍ധിപ്പിച്ചത്.
വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വിലയും കൂടി. 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. എണ്ണക്കമ്പനികള്‍ക്ക് എല്ലാദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ അനുമതി ലഭിച്ച ശേഷം വില നിര്‍ബാധം ഉയരുകയാണ്. ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. വില പതുക്കെ ഉയര്‍ത്തി പരമാവധി ലാഭം നേടുകയാണ് കമ്പനികളുടെ ലക്ഷ്യം.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജ്യത്ത് എണ്ണവില ഉയര്‍ന്നിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വില ഉയരാന്‍ തുടങ്ങിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ എണ്ണവില മരവിപ്പിച്ച സമയത്ത് 82 ഡോളറായിരുന്നു ക്രൂഡ് ഓയിലിന് ആഗോള മാര്‍ക്കറ്റില്‍ വില.