ലക്‌നൗ: തിങ്കളാഴ്‌ച വൈകീട്ട് പ്രയാഗ്‌രാജിലെ ബാഗാംബ്രി മഠത്തിലെ മുറിയില്‍ അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പൊലീസ് കണ്ടെടുത്ത 6 പേജുള്ള ആത്മഹത്യ കുറിപ്പിലെ ഒരു പേര് നരേന്ദ്ര ഗിരിയുടെ ശിഷ്യനും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയുടേതായിരുന്നു.
ആത്മഹത്യ കുറിപ്പില്‍ മഹന്ത് നരേന്ദ്ര ഗിരി ഇപ്രകാരം കുറിച്ചു - 'ആനന്ദ് ഗിരി മൂലം എന്‍റെ മനസ് അസ്വസ്ഥമാണ്. സെപ്റ്റംബര്‍ 13ന് സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കിലും ധൈര്യമുണ്ടായില്ല. മോര്‍ഫ് ചെയ്‌ത എന്‍റേയും ഒരു സ്‌ത്രീയുടേയും ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ ആനന്ദ് ഗിരി പുറത്തുവിടുമെന്ന് വിവരം ലഭിച്ചു.
ആദ്യം എന്‍റെ ഭാഗം വ്യക്തമാക്കാമെന്ന് കരുതിയെങ്കിലും അപകീർത്തിയെ ഞാന്‍ ഭയക്കുന്നു. ഞാൻ അന്തസോടെ ജീവിച്ചു, അപകീർത്തിയോടെ എനിയ്ക്ക് ജീവിക്കാൻ കഴിയില്ല. ഫോട്ടോ വൈറലായിക്കഴിഞ്ഞാൽ എത്ര വിശദീകരണങ്ങൾ എനിയ്ക്ക് നൽകാനാകുമെന്ന് ആനന്ദ് ഗിരി ചോദിച്ചു. ഇത് എന്നെ അസ്വസ്ഥനാക്കി, ഞാൻ എന്‍റെ ജീവനെടുക്കുന്നു.'
യോഗ ഗുരുവില്‍ നിന്ന് സന്ന്യാസിയിലേയ്ക്ക്, ഒടുവില്‍ ഗുരുവിന്‍റെ മരണത്തിന്‍റെ കാരണക്കാരന്‍ എന്ന നിലയിലേക്ക് എത്തിനില്‍ക്കുന്നു ആനന്ദ് ഗിരി. ഒരു കാലത്ത് മഹന്ത് നരേന്ദ്ര ഗിരിയുടെ പിന്‍ഗാമി എന്ന് കരുതപ്പെട്ടിരുന്ന ആനന്ദ് ഗിരിയുടെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.
നരേന്ദ്ര ഗിരിയുടെ കൈപിടിച്ച് മഠത്തിലെത്തിയ പന്ത്രണ്ടുകാരന്‍
12 വയസുള്ളപ്പോഴാണ് രാജസ്ഥാനിലെ ബില്‍വാര സ്വദേശിയായ ആനന്ദിനെ ഗുരു മഹന്ത് നരേന്ദ്ര ഗിരി ഹരിദ്വാറിലെ ആശ്രമത്തില്‍ നിന്ന് പ്രയാഗ്‌രാജിലെ ബാഗാംബ്രി മഠത്തിലേക്ക് കൊണ്ടുവരുന്നത്. 2007ൽ നരേന്ദ്ര ഗിരി ഉൾപ്പെട്ടിരുന്ന പുരാതന സന്യാസ മഠമായ ശ്രീ പഞ്ചായത്ത് അഖാഡ നിരഞ്ജനിയിൽ ആനന്ദിനെ ഔപചാരികമായി ചേർത്തു.
നരേന്ദ്ര ഗിരിയുമായി പില്‍ക്കാലത്ത് സ്വത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് മുന്‍പ് പ്രയാഗ്‌രാജിലെ പ്രസിദ്ധമായ ബഡേ ഹനുമാന്‍ ക്ഷേത്രത്തില്‍ 'ഛോട്ടെ മഹാരാജ്' എന്നാണ് ആനന്ദ് അറിയപ്പെട്ടിരുന്നത്. കാലക്രമേണ യോഗയിലൂടെ അനുയായികളെയുണ്ടാക്കാന്‍ 38കാരനായ ആനന്ദിന് കഴിഞ്ഞു.
സംസ്‌കൃതം, ആയുര്‍വേദം, വേദം എന്നിവയില്‍ ഔപചാരിക വിദ്യാഭ്യാസം നേടിയ ആനന്ദ് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദവും യോഗ തന്ത്രയില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സര്‍വകലാശാലകളില്‍ ഗസ്റ്റ് ലക്‌ചററായി ആനന്ദ് ഗിരി യോഗ പഠിപ്പിയ്ക്കുന്നുണ്ട്.