ലക്നൗ:കൊവിഡ് രണ്ടാം തരംഗത്തിൽ ദിനംപ്രതി 2,000 കൊവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്തിരുന്ന വാരാണസിയിൽ തിങ്കളാഴ്ച സ്ഥിരീകരിച്ചത് 26 കൊവിഡ് കേസുകൾ മാത്രം. രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമായി ബാധിച്ചതിൽ വാരാണസിയും വലിയ രീതിയിലുള്ള നഷ്ടങ്ങൾ നേരിട്ടിരുന്നു. രോഗികൾ ക്രമാതീതമായി പെരുകുകയും മരണപ്പെട്ടവരുടെ ശവസംസ്കാരത്തിന് പോലും തിരക്ക് അനുഭവപ്പെടുകയും ചെയ്തത് വാരാണസിയിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ചിരുന്നു.
തിരിച്ചു പിടിച്ച് വാരാണസി
ഏപ്രിൽ ആദ്യ വാരം മുതൽ 20ാം തീയതി വരെ കേസുകൾ പ്രതിദിനം 200ൽ നിന്ന് 2,000 ആയി ഉയർന്നതായി വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വാരാണസി അതിവേഗം കൊവിഡ് തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ മഹാമാരിയിൽ ഓക്സിജന്‍റെ ആവശ്യകത വളരെ വലുതായിരുന്നെന്നും ശർമ പറഞ്ഞു.
സമീപ ജില്ലകളിൽ നിന്നാണ് വാരണാസി ഭരണകൂടം ചികിത്സക്ക് ആവശ്യമായ ഓക്സിജൻ എത്തിച്ചത്. ഗ്രാമ പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും മെഡിസിൻ ഓക്സിജൻ വിതരണം സാധ്യമാക്കി ഗ്രാമങ്ങളിൽ മാത്രം 1.80 ലക്ഷം ആളുകൾക്ക് ഓക്സിജൻ എത്തിക്കാനായതായും ശർമ പറഞ്ഞു.
മാർച്ച് ആദ്യ വാരത്തിൽ 400 കിടക്കകളുണ്ടായിരുന്ന വാരാണസിയിൺ ഏപ്രിൽ 20 വരെ 1,700 കിടക്കകളും ഏപ്രിൽ 30 ന് 2,500 കിടക്കകളും ഭരണകൂടം ക്രമീകരിച്ചു, വാരാണസി ഭരണകൂടം ഒരു സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററും സ്ഥാപിച്ചിരുന്നു. വെന്‍റിലേറ്ററുകൾ, എച്ച്എഫ്എൻസി മെഷീനുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിവ സംഭരിക്കുന്നതിനും നടപടികൾ സ്വീകരിച്ചതായും കൗശൽ രാജ് ശർമ പറഞ്ഞു.